ആറളത്ത് വയോധികയുടെ ചെവി അറുത്തു മാറ്റിയ സംഭവം: സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍

ഇരിട്ടി: ആറളത്ത് വയോധികയുടെ ചെവി അറുത്തു മാറ്റിയ സംഭവത്തില്‍ സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍. ആറളം ഏച്ചിലത്തെ കുന്നുമ്മല്‍ രാധ(58)യെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രാധയുടെ സഹോദരി ഭര്‍ത്താവ് വിളക്കോട് ചാക്കാട് സ്വദേശി പാലക്കല്‍ പെരുടി സജീവനാ(50)ണ് അറസ്റ്റിലായത്. വീട്ടമ്മയോടുള്ള മുന്‍വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചത്. ജൂലൈ 18ന് രാത്രി ഒന്‍പതോടെയാണ് സംഭവം. അക്രമത്തില്‍ ചെവിക്ക് വെട്ടേറ്റ് മുറിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. താടിയെല്ലിന് ഇരുഭാഗത്തും ക്ഷതമേറ്റിരുന്നു. കാലിന് ആഴത്തിലുള്ള മുറിവേറ്റു. ഗുരുതര പരിക്കേറ്റ രാധയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആക്രമത്തിനിരയായ വീട്ടമ്മയുടെ മൊഴികളിലെ വൈരുധ്യം കേസില്‍ ദുരൂഹത വര്‍ധിപ്പിച്ചതോടെ അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കുകയായിരുന്നു. വീണ് പരിക്കേറ്റതാണെന്നാണ് രാധ സമീപവാസികളോട് പറഞ്ഞത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആറളം പോലിസിനോട് മോഷ്ടാവാണ് അക്രമിച്ചതെന്നും കഴുത്തിലും കാതിലുമുള്ള സ്വര്‍ണാഭരണങ്ങള്‍ കവരുന്നത് ചെറുക്കുമ്പോഴാണ് ആക്രമിച്ചതെന്നുമാണ് പിന്നീട് ഇവര്‍ മൊഴി നല്‍കിയത്. മോഷണശ്രമം നടന്നതായി കണ്ടെത്താന്‍ സാധിക്കാത്തതും പോലിസ് അന്വേഷണ സംഘത്തിന് പിടിവള്ളിയായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയുടെ മൊഴിയെടുക്കാന്‍ പോലിസ് പലവട്ടം ശ്രമിച്ചിട്ടും അന്വേഷണവുമായി സഹകരിക്കുന്നതിനോ വ്യക്തമായ മൊഴി നല്‍കുന്നതിനോ ഇവര്‍ തയ്യാറായിരുന്നില്ല. സംഭവ ദിവസം സജീവന്‍ കൂട്ടക്കളത്തുണ്ടായതായ വിവരത്തെ തുടര്‍ന്ന് പോലിസ് ഉദ്യോഗസ്ഥര്‍ ഇയാളെ ആദ്യദിനം ചോദ്യം ചെയ്‌തെങ്കിലും താന്‍ കൂട്ടക്കളത്തുണ്ടായിരുന്നില്ലെന്ന മൊഴിയാണ് നല്‍കിയത്. ഇതോടെ അന്വേഷണം ഇയാളെ കേന്ദ്രീകരിച്ച് നീങ്ങി. പിടിച്ചുപറിയുള്‍പ്പെടെ പതിനഞ്ചോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് പിടിയിലായ സജീവന്‍. ഇരിട്ടി ഡിവൈ.എസ്.പി പ്രിന്‍സ് ഏബ്രഹാമാന്റെ മേല്‍നോട്ടത്തില്‍ ആറളം പോലിസ് ഇന്‍സ്പെക്ടര്‍ അരുണ്‍ദാസ്, പ്രിന്‍സിപ്പല്‍ എസ്.ഐ ശ്രീജേഷ്, അഡി. എസ്.ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് കേസന്വേഷിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: