അമ്പൂരി കൊലപാതകം: പ്രതിയുമായെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു, അഖിലിന് നേരെ കല്ലേറും അസഭ്യവര്‍ഷവും

കാട്ടാക്കട അമ്പൂരിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതിയായ സൈനികന്‍ അഖിലിനെ തട്ടാന്‍മുക്കിലെ പണിതീരാത്ത വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചു. സംഭവം അറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാര്‍ പ്രതിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത് പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. കേസില്‍ അഖിന്റെ മാതാപിതാക്കളെയും അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ അഖിലിനെ കൊണ്ടുവന്ന വാഹനം തടഞ്ഞത്. അഖിലിന്റെ മാതാപിതാക്കളെ അറസ്‌റ്റ് ചെയ്‌ത ശേഷം തെളിവെടുപ്പ് നടത്തിയാല്‍ മതിയെന്നും നാട്ടുകാര്‍ നിലപാടെടുത്തു. തുടര്‍ന്ന് കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതിയെ വാഹനത്തിന് പുറത്തെത്തിച്ചത്. ഇതോടെ നാട്ടുകാര്‍ പ്രതിക്കെതിരെ അസഭ്യ വര്‍ഷവുമായി പാഞ്ഞടുക്കുകയും കല്ലെറിയുകയും ചെയ്‌തു. തുടര്‍ന്ന് തെളിവെടുപ്പ് തത്കാലം അവസാനിപ്പിച്ച്‌ പൊലീസ് സംഘം മടങ്ങി. രാഖിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കയര്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
അമ്ബൂരിയില്‍ രാഖിമോളെ കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസിലെ ഒന്നാം പ്രതിയും രാഖിയുടെ കാമുകനുമായ അഖില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് പിടിയിലായത്. ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ രാത്രി 8.15ന് തിരുവനന്തപുരത്ത് വന്നിറങ്ങിയ അഖിലിനെ ഇവിടെ കാത്തുനില്‍ക്കുകയായിരുന്ന പൂവാര്‍ പൊലീസ് പിടികൂടുകയായിരുന്നു. അതേസമയം, കേസില്‍ അഖിലിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇവരെയും പൊലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന പ്രധാന പ്രതി അഖിലിന്റെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം കേസിലെ രണ്ടാം പ്രതി രാഹുലിനെ കൂടി കസ്റ്റഡിയില്‍ വാങ്ങി അച്ഛനെയും മക്കളെയും ഒരുമിച്ച്‌ ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്.മൊഴികളിലെ വൈരുദ്ധ്യം ഒഴിവാക്കാനും സംശയങ്ങള്‍ ദുരീകരിക്കാനും ഇത് സഹായിക്കുമെന്ന് പൊലീസ് കരുതുന്നു. മൂന്നാഴ്ച നീണ്ട ആസൂത്രണത്തിനൊടുവിലാണ് രാഖിയെ വകവരുത്തിയത്. രാഖിയെ കുഴിച്ചുമൂടാനുള്ള കുഴി തുരന്നതില്‍ മണിയനും പങ്കുളളതായി അയല്‍വാസികളില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മരം നടാനാണ് കുഴിയെന്ന് ഇയാള്‍ ചിലരോട് പറഞ്ഞതായ സൂചനയും പൊലീസിനുണ്ട്. രാഖിയുടെ മൃതദേഹം അഖിലേഷിന്റെ വീട്ടുവളപ്പില്‍ നിന്ന് പൊലീസ് കണ്ടെത്തുകയും അഖിലേഷും സഹോദരന്‍ രാഹുലും അമ്ബൂരി തട്ടാന്‍മുക്ക് ആദര്‍ശ് ഭവനില്‍ ആദര്‍ശും(കണ്ണന്‍-23) ചേര്‍ന്നാണ് കൊലനടത്തിയതെന്ന് സ്ഥിരീകരിക്കുകയും ചെയ്തശേഷവും മക്കള്‍ നിരപരാധിയാണെന്ന മട്ടില്‍ മണിയന്‍ നടത്തിയ പരസ്യപ്രതികരണങ്ങളും അന്വേഷണം വഴിതെറ്റിക്കാന്‍ നടത്തിയ ശ്രമങ്ങളും സംശയാസ്പദമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: