170 രോഗികൾക്ക് ഒരു ഡോക്ടർ; കരിവെള്ളൂർ സി.എച്ച്.സി. പ്രതിസന്ധിയിൽ

170-ഓളം രോഗികളാണ് ഞായറാഴ്ച കരിവെള്ളൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയത്. ഇവരെ പരിശോധിക്കാൻ ആസ്പത്രിയിലുണ്ടായിരുന്നത് ഒരു ഡോക്ടറും. മൂന്ന് മണിക്കൂറോളം കാത്തുനിന്നശേഷമാണ് പലർക്കും ഡോക്ടറെ കാണാൻ കഴിഞ്ഞത്. ഇതിനിടയിൽ ഒട്ടേറെ രോഗികൾ അവശരായി. തിരക്കുമൂലം മടങ്ങിപ്പോയ രോഗികളുമുണ്ട്.കരിവെള്ളൂരിലും പരിസരങ്ങളിലുമുള്ള ആറ്‌്‌ വില്ലേജുകളിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് കരിവെള്ളൂർ സാമൂഹികാരോഗ്യ കേന്ദ്രം. എന്നിട്ടും എല്ലാ ദിവസങ്ങളിലും ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കരിവെള്ളൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഇപ്പോൾ മൂന്ന് സ്ഥിരം ഡോക്ടർമാരും ഒരു താത്‌കാലിക ഡോക്ടറുമാണുള്ളത്. താത്‌കാലിക ഡോക്ടർക്ക് ഉച്ചയ്ക്കുശേഷമുള്ള ഒ.പി.യുടെ ചുമതലയാണ്. സ്ഥിരം ഡോക്ടർമാരിൽ ഒരാൾക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിൽ പയ്യന്നൂർ താലൂക്ക് ആസ്പത്രിയിലാണ് ഡ്യൂട്ടി. ഈ ദിവസങ്ങളിൽ മെഡിക്കൽ ഓഫീസർക്ക് യോഗങ്ങളുണ്ടെങ്കിൽ ഒരു ഡോക്ടർ മാത്രമേ ആസ്പത്രിയിൽ ഉണ്ടാവുകയുള്ളൂ.എല്ലാ ഞായറാഴ്ചകളിലും ആസ്പത്രിയിൽ ഒരു ഡോക്ടർ മാത്രമേ ഉണ്ടാവൂ. മഴക്കാലം വന്നതോടെ രോഗികളുടെ എണ്ണം വളരെ കൂടിയെങ്കിലും ഡോക്ടർമാരുടെ സേവനരീതിയിൽ മാറ്റം വരുവരുത്തിയിട്ടില്ല. 50 കിടക്കകളും എല്ലാവിധ ഭൗതിക സൗകര്യങ്ങളുമുണ്ടായിട്ടും ആസ്പത്രിയിലെ കിടത്തിച്ചികിത്സ മുടങ്ങിയിട്ട് വർഷങ്ങളായി. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്കുശേഷം ഒ.പി. ആരംഭിച്ചതാണ് അടുത്തകാലത്തുണ്ടായ നല്ല മാറ്റം.

1 thought on “170 രോഗികൾക്ക് ഒരു ഡോക്ടർ; കരിവെള്ളൂർ സി.എച്ച്.സി. പ്രതിസന്ധിയിൽ

  1. 170 രോഗിക്ക് ഒരു ഡോക്ടർ എന്നത് വലിയ പ്രശനമല്ല പരിചയസമ്പന്നനായ ഡോക്ടർക്ക് 3 മണിക്കർ കൊണ്ട് തീർക്കാൻ കഴിയും.സർക്കാർ ആരോഗ്യമേഖലക്ക ചെയ്യുന്ന നല്ല കാര്യങ്ങളെ താറടിക്കരുത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: