സിപിഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേരള പോലീസ്

ഡിഐജി ഓഫീസ് മാര്‍ച്ചിനിടെ ഉണ്ടായ ലാത്തിച്ചാര്‍ജ്ജ് പൊലീസ് സേനക്കകത്തും സിപിഐക്ക് അകത്തും വലിയ കോളിളക്കങ്ങള്‍ ഉണ്ടായതിന് പിന്നാലെ സിപിഐ നേതാക്കള്‍ക്കെതിരെ പൊലീസ് ചുമത്തിയ കേസിന്‍റെ വിശദാംശങ്ങള്‍ പുറത്ത്. വന്‍ സംഘര്‍ഷത്തിലേക്ക് എത്തിയ ഡിഐജി ഓഫീസ് മാര്‍ച്ചില്‍ സിപിഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ജില്ലാ സെക്രട്ടറി പി രാജു ഒന്നാം പ്രതിയും എല്‍ദോ എബ്രഹാം എംഎല്‍എ രണ്ടാം പ്രതിയുമായാണ് കേസ്.കല്ലും കട്ടയും കുറുവടിയുമായി എത്തിയ സിപിഐ നേതാക്കള്‍ കരുതിക്കൂട്ടി അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് എഫ്‌ഐആര്‍. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, എല്‍ദോ എബ്രഹാം എംഎല്‍എ, സംസ്ഥാന കമ്മിറ്റി അംഗം സുഗതന്‍ എന്നിവരടക്കം പത്തുപേരാണ് പ്രതിപ്പട്ടികയിലുളളത്. അനുമതിയില്ലാതെ നടത്തിയ മാര്‍ച്ചില്‍ കണ്ടാലറിയാവുന്ന 800 പേര്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നതാണ് ജാമ്യമില്ലാ വകുപ്പായി ചുമത്തിയിരിക്കുന്നത്. പൊതുമുതലിന് നാശനഷ്ടമുണ്ടാക്കിയതിനും കേസുണ്ട്.അതേസമയം കരുതിക്കൂട്ടി ഉണ്ടാക്കിയ തെളിവുകള്‍ പൊലീസ് ഓരോ ദിവസവും മാധ്യമങ്ങളിലൂടെ പുറത്തുവിടുകയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു പ്രതികരിച്ചു. ലാത്തിച്ചാര്‍ജ്ജ് വിവാദത്തില്‍ ജില്ലാ കളക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് കൈമാറും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: