ആരവങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ കൊട്ടിയൂർ വൈശാഖോത്സവം ഇന്ന് സമാപിക്കും

കണ്ണൂർ: ആരവങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ കൊട്ടിയൂർ വൈശാഖോത്സവം ഇന്ന് സമാപിക്കും, വാകച്ചാർത്തോടെ ചടങ്ങുകൾ ആരംഭിക്കും. തേങ്ങാമുറികളിലേക്ക് നാളംപകർന്ന ശേഷം വിളക്കുകൾ കെടുത്തും. ഇതോടൊപ്പം അക്കരെ സന്നിധാനത്തെ എല്ലാ വിളക്കുകളും അണയ്ക്കും. നമ്പീശൻ, വാരിയർ എന്നിവരുടെ നേതൃത്വത്തിൽ ശ്രീകോവിലിന്റെ നാലു തൂണുകൾ കടപുഴക്കിയെടുത്ത് തിരുവഞ്ചിറയിലിടും. ഇതോടെ മണിത്തറ തൃക്കലശാട്ടിന് ഒരുങ്ങും. കലശമണ്ഡപത്തിൽ പൂജിച്ചുവെച്ച കളഭകുംഭങ്ങൾ മുഖമണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് തന്ത്രിമാരുടെ കാർമികത്വത്തിൽ സ്വയംഭൂവിൽ കളഭാട്ടം നടക്കും. ബ്രാഹ്മണരുടെ സമൂഹപുഷ്പാഞ്ജലിയും തന്ത്രിയുടെ പൂർണ പുഷ്പാഞ്ജലിയും കഴിഞ്ഞാൽ തീർഥവും പ്രസാദവും ആടിയ കളഭവും നല്കും.ഒരുചെമ്പ് നിവേദ്യച്ചോറും കടുംപായസവും തിടപ്പള്ളിയിൽ ഇരുന്ന് കുടിപതികൾ കഴിക്കും. മുളക്, ഉപ്പ് എന്നിവ മാത്രം ചേർത്ത് കഴിക്കുന്ന തണ്ടുമ്മൽ ഊണ് എന്ന ചടങ്ങാണിത്. തുടർന്ന് അമ്മാറക്കൽ തറയിൽ തൃച്ചന്ദനപ്പൊടി അഭിഷേകം നടത്തും. അതിനുശേഷം ആചാര്യന്മാരിൽ ഒരാൾ യാത്രാബലി നടത്തും. യാത്രാബലിക്കുമുമ്പ് തന്ത്രിയും പരികർമിയും ഓച്ചറും പന്തക്കിടാങ്ങളും അല്ലാതെ ബാക്കിയെല്ലാവരും അക്കരെ സന്നിധാനത്തിൽനിന്ന് പുറത്തുകടക്കും. ഭണ്ഡാരങ്ങളും വാളുകളും ആദ്യം ഇക്കരേക്ക് കടത്തും. തുടർന്ന് മണത്തണ കരിമ്പന ഗോപുരത്തിലേക്ക് എഴുന്നള്ളിക്കും. ഇന്നലെ അത്തം നാളിൽ വാളാട്ടം, കുടിപതികളുടെ തേങ്ങയേറ്, പായസനിവേദ്യം, കൂത്ത് സമർപ്പണം എന്നിവ നടന്നു. അത്തം നാളിൽ പന്തീരടിക്ക് അവസാനത്തെ ശീവേലിയും നടന്നു. ശീവേലിസമയത്ത് ചപ്പാരം ക്ഷേത്രത്തിലെ മൂന്നുവാളുകളും എഴുന്നള്ളിച്ച് ഏഴില്ലക്കാരായ വാളശ്ശന്മാർ വാളാട്ടം നടത്തി. തിടമ്പുകൾ വഹിക്കുന്ന ബ്രാഹ്മണർക്കഭിമുഖമായി മൂന്ന് പ്രദക്ഷിണം വെച്ചു. തിടമ്പുകളിൽ നിന്ന് ദേവചൈതന്യം വാളുകളിലേക്ക് ആവാഹിക്കപ്പെടുമെന്നാണ് വിശ്വാസം. തുടർന്ന് പൂവറയ്ക്കും അമ്മാറക്കൽ തറയ്ക്കും മധ്യേയുള്ള സ്ഥാനത്ത് കുടിപതികളുടെ നേതൃത്വത്തിൽ തേങ്ങയേറ് നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: