കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി ഇന്ന്

ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമള യോഗത്തിൽ പങ്കെടുക്കും. കേന്ദ്ര കമ്മിറ്റിയംഗവും പി.കെ ശ്യാമളയുടെ ബാഹര്ത്താവുമായ എം.വി ഗോവിന്ദനും യോഗത്തിൽ പങ്കെടുക്കും. ആന്തൂർ വിഷയം യോഗത്തിൽ ചർച്ചയാകും. താഴെത്തട്ടിൽ നിന്നുള്ള പ്രവർത്തകരുടെ ശക്തമായ വികാരം ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ. അതെ സമയം, പി.കെ ശ്യാമളക്കെതിരാണ് പി.ജയരാജന്റെ നിലപാട് എന്നത് കൂടുതൽ വ്യക്തമാക്കുന്ന അഭിമുഖത്തെ കുറിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇന്നലെ ചർച്ച നടന്നു. ധർമശാലയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.ജയരാജൻ പി.കെ ശ്യാമളക്കെതിരെ നിലപാടെടുത്തിരുന്നു. ആന്തൂർ വിഷയം കൈകാര്യം ചെയ്യുന്നതിൽ ശ്യാമളക്ക് വീഴ്ച പറ്റിയെന്ന് ജയരാജൻ ആവർത്തിച്ച് പറഞ്ഞിരുന്നു. പി.കെ ശ്യാമളയെ വിമർശിച്ചു കൊണ്ട് നൽകിയ അഭിമുഖം സംസ്ഥാന സമിതി യോഗത്തിന് മുൻപ് നൽകിയതാണെന്ന് ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ അറിയിച്ചു. ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ആന്തൂർ വിഷയം ഉയർന്നു വന്നെങ്കിലും വിഷയത്തിന്മേൽ വലിയ ചർച്ചയുണ്ടായില്ല. അതിനിടെ, ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ കൺവെൻഷൻ സെന്ററിന് പരിഹരിക്കാവുന്ന ചട്ടലംഘനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്ന ചീഫ് ടൗൺ പ്ലാനറുടെ റിപ്പോർട്ട് ഇന്നലെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് കൈമാറി. ആത്മഹത്യാ കേസ് അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പോലീസ് സാജന്റെ ഭാര്യ ബീനയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. പ്രവാസിയായിരുന്ന സാജൻ ഈ മാസം 18നാണ് ആന്തൂർ നഗരസഭയിൽ നിന്ന് കെട്ടിടം പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് ലഭിക്കുന്നതിന് തടസം നേരിട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: