കണ്ണൂരില്‍ പകര്‍ച്ചവ്യാധികള്‍ ; കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പു വരുത്തുക. ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ഡി എം ഒ

കണ്ണൂര്‍ ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നും വയറിളക്കരോഗങ്ങളും ഹെപ്പറ്റൈറ്റിസ്-എ ഇനം മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പൊതുജനങ്ങളുംഭക്ഷ്യവില്‍പ്പന-വിതരണ കേന്ദ്രങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. ഇതിനായി താഴെ പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കണം.

വ്യക്തികള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍:

കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പു വരുത്തുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കിണര്‍വെള്ളം ഇടയ്ക്കിടെ ക്ലോറിനേറ്റ് ചെയ്യുക. ഭക്ഷ്യവസ്തുക്കള്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. കുടിവെള്ളവും ആഹാരസാധനങ്ങളും എപ്പോഴും അടച്ചുസൂക്ഷിക്കുക. പഴകിയതും ഈച്ചകള്‍ മൂലം മലിനമാക്കപ്പെട്ടതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കാതിരിക്കുക. പഴകിയ ഐസ്‌ക്രീം ഉല്‍പ്പങ്ങള്‍, പഴകിയ തൈര് എന്നിവ കഴിക്കാതിരിക്കുക. പഴവര്‍ഗങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.

കുടിവെള്ള സ്രോതസ്സിനടുത്തു നിന്നും കുളിക്കുകയോ അലക്കുകയോ കന്നുകാലികളെ കുളിപ്പിക്കുകയോ ചെയ്യാതിരിക്കുക. മലമൂത്രവിസര്‍ജ്ജനത്തിനു ശേഷവും ആഹാരം കഴിക്കുതിനു മുമ്പും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക. മലമൂത്രവിസ്സര്‍ജ്ജനം തുറസ്സായ സ്ഥലങ്ങളില്‍ ചെയ്യാതെ കക്കൂസില്‍ മാത്രം നടത്തുക. വഴിയോരങ്ങളില്‍ തുറന്നു വെച്ച ആഹാരപദാര്‍ത്ഥങ്ങള്‍ വാങ്ങി കഴിക്കാതിരിക്കുക.

പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക. വയറിളക്കരോഗങ്ങള്‍ക്ക് പാനീയ ചികിത്സയാണ് ഏറ്റവും ഫലപ്രദം. ഒ.ആര്‍.എസ് പാക്കറ്റുകള്‍ അംഗന്‍വാടികള്‍, കുടുംബക്ഷേമകേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്.

ഹോട്ടലുകള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

ഭക്ഷണവില്‍പ്പനശാലകളില്‍ കുടിക്കാന്‍ തിളപ്പിച്ച വെള്ളം മാത്രം നല്‍കുക. കൈ കഴുകാനുള്ള ഇടങ്ങളില്‍ സോപ്പോ ഹാന്‍ഡ് വാഷിങ്ങ് ലോഷനോ നിര്‍ബന്ധമായും വെയ്ക്കുക. ഹോട്ടല്‍, ബേക്കറി തൊഴിലാളികളുടെ ശുചിത്വനിലവാരം ഉറപ്പുവരുത്തുക. ഭക്ഷ്യവസ്തുക്കള്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. ആഹാര സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു മുമ്പായി തൊഴിലാളികള്‍ കൈകള്‍ നന്നായി സോപ്പിട്ട് കഴുകുക. പകര്‍ച്ചവ്യാധികള്‍ ബാധിച്ചിട്ടുള്ള ആളുകളെ ഒരു കാരണവശാലും ജോലിക്ക് നിയോഗിക്കരുത്.

കുടിവെള്ളവും ആഹാരസാധനങ്ങളും എപ്പോഴും അടച്ചുസൂക്ഷിക്കുക. പഴകിയ ഭക്ഷണസാധനങ്ങളുടെ പുനരുപയോഗം ഒരു കാരണവശാലും നടത്തരുത്. ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായും പാലിക്കണം. പ്ലാസ്റ്റിക് കവറുകളില്‍ ഭക്ഷണസാധനങ്ങള്‍ പാക്ക് ചെയ്ത് കൊടുക്കാനോ വിതരണം ചെയ്യാനോ പാടില്ല. സ്ഥാപനത്തില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ അതാത് ദിവസം തന്നെ സുരക്ഷിതമായി നീക്കം ചെയ്യുക.

%d bloggers like this: