നിരന്തരമായ വന്യജീവി ആക്രമണം; വയനാടന്‍ ജനത പ്രക്ഷോഭത്തിലേക്ക്

വയനാട് ജില്ലയില്‍ വര്‍ദ്ധിച്ച് വരുന്ന വന്യജീവി ആക്രമണം തടഞ്ഞ് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ശാശ്വത

നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വയനാടന്‍ ജനത പ്രക്ഷോഭത്തിലേക്ക്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബഹുജനസംഘടന ഐക്യവേദിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടത്താൻ തീരുമാമായത്.
കേന്ദ്രകേരള സര്‍ക്കാറുകള്‍ക്കുമേല്‍ ശക്തമായ സമ്മര്‍ദ്ദം ഉയര്‍ത്തിക്കൊണ്ടുവന്ന് വയനാട് അനുഭവിക്കുന്ന ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബഹുജന സംഘടനകളുടെ ഐക്യവേദി രൂപീകരിച്ചതെന്ന് കണ്‍വീനര്‍ പി കെ സുരേഷ് പറഞ്ഞു.

കഴിഞ്ഞ 30 വര്‍ഷത്തിനിടെ 120 ഓളം പേരാണ് ജില്ലയില്‍ വന്യജീവി അക്രമത്തില്‍ കൊല്ലപ്പെട്ടത്. വനാതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങള്‍ ഭീതിയോടെയാണ് വീടുകളില്‍ അന്തിയുറങ്ങുന്നത്. സമീപകാലത്തായി വനാതിര്‍ത്തിയിലുള്ള പട്ടണങ്ങളിലടക്കം കൂട്ടത്തോടെ ആനകളിറങ്ങി ജനങ്ങളുടെ സ്വൈര്യ ജീവിതംതടസ്സപ്പെടുത്തുന്നു. വന്‍തോതില്‍ കൃഷിയും ഉപജീവനോപാധികളും ഇവ നശിപ്പിക്കുന്നു. 2017ല്‍ മൂന്നാളും ഈ വര്‍ഷവും രണ്ട് പേരുംകൊല്ലപ്പെട്ടിരുന്നു. 2018ല്‍ 14 പേര്‍ക്ക് പരിക്ക് പറ്റി.
സര്‍ക്കാറിന് കോടിക്കണക്കിന് രൂപ നഷ്ടപരിഹാരത്തിനായിമാത്രം ചെലവിടേണ്ടി വരുന്നു.2017ല്‍ 2.22 കോടി രൂപ നഷ്ടപരിഹാരം നല്‍കി. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭസമരങ്ങള്‍ ഇതിനകം ജില്ലയില്‍ നടന്നു. അക്രമങ്ങളുണ്ടാവുമ്പോള്‍ പെട്ടെന്ന് നടക്കുന്ന പ്രതിഷേധങ്ങളാണതിലധികവും. ഇത് പലപ്പോഴും ജനങ്ങളും വനപാലകരും തമ്മിലുള്ള സംഘര്‍ഷങ്ങളായി മാറുന്നു. താല്‍ക്കാലികമായ ചില പരിഹാരമാര്‍ഗങ്ങള്‍ നടപ്പിലാക്കപ്പെടുന്നുവെന്നല്ലാതെ ഇത്തരം പ്രതികരണങ്ങള്‍ ശാശ്വതമായ പ്രശ്‌ന പരിഹാരത്തിലേക്ക് നയിക്കുന്നില്ല. ഈ സമരങ്ങള്‍ക്ക് പിന്നില്‍ പലപ്പോഴും സങ്കുചിത കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങളും ഉണ്ടാകന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി കാടും നാടും വേര്‍തിരിച്ച് സാധ്യമായ പരിഹാര നടപടികള്‍ കൈക്കൊള്ളുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു.കഴിഞ്ഞ സര്‍ക്കാറില്‍ നിന്നും വ്യത്യസ്തമായി കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും,സ്വത്തും കൃഷിയും നഷ്ടമായവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിലും അതീവ ജാഗ്രത പുലര്‍ത്തി. ഈസമീപനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാനുള്ള ഒരു സമഗ്ര പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണം. റെയില്‍ഫെന്‍സിങ്ങും, ക്രാഷ് ഗാര്‍ഡു് റോപ്പ് ഫെന്‍സിങ്ങും ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളും അവലംബിക്കണം. സ്വാഭാവികവനം നശിപ്പിക്കപ്പെട്ടതാണ് വന്യമൃഗങ്ങള്‍ നാട്ടിലിറക്കാനുള്ള പ്രധാന കാരണം. ആകെ വനഭൂമിയുടെ 45% തേക്ക്, യൂക്കാലി തോട്ടങ്ങളായി മാറി. 30% മൊട്ടക്കുന്നുകളും, പാറക്കെട്ടുകളുമാണ്. ബാക്കി വരുന്ന 25% മാത്രമാണ് നിബിഡവനമായുള്ളത്. ഈ സ്ഥിതി മാറണം’-തേക്ക് യൂക്കാലി തോട്ടങ്ങള്‍ ഘട്ടംഘട്ടമായി മുറിച്ച് മാറ്റി സ്വാഭാവിക വനമാക്കി മാറ്റണം. മൃഗങ്ങള്‍ക്ക് ആവശ്യമായ തീറ്റയും ജലവും വനത്തിനകത്ത് ലഭ്യമാകണം.മേല്‍ പദ്ധതികളെല്ലാം നടപ്പിലാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ല. കേന്ദ്ര സര്‍ക്കാര്‍ അര്‍ഹമായ സഹായം ലഭ്യമാക്കണം. എല്ലാ പദ്ധതികളും വിജയിക്കണമെങ്കില്‍ ജനപങ്കാളിത്തം ഉറപ്പാക്കണം.ബികെഎംയു കര്‍ഷക സംഘം,കിസാന്‍ സഭ, കര്‍ഷക തൊഴിലാളി യൂണിയന്‍, എകെഎസ്, നാഷണലിസ്റ്റ് കര്‍ഷക കോണ്‍ഗ്രസ്, കര്‍ഷകദള്‍ (യു) കര്‍ഷകദള്‍(എസ്), കേരള കര്‍ഷക കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളാണ് ഈ ഐക്യ വേദിയിലുള്ളത്. ജൂലായ് 7ന് കല്‍പറ്റയില്‍ ചേരുന്ന കണ്‍വന്‍ഷനില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കും. വിവിധ മേഖലകളിലുള്ള ജനപ്രതിനിധികളും സംബന്ധിക്കും. ജൂലായ് ഒന്നിന് കല്‍പറ്റ മാനന്തവാടി എംഎല്‍എമാര്‍ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ബത്തേരിയില്‍ കെ രാജന്‍ സന്ദര്‍ശിക്കും. മേല്‍പരിപാടികള്‍ വിജയിപ്പിക്കണമെന്ന് കണ്‍വീനര്‍ പി കെ സുരേഷും ചെയര്‍മാന്‍ അമ്പി ചിറയിലും അഭ്യര്‍ത്ഥിച്ചു.

%d bloggers like this: