നടിയുടെ ആരോപണം ശരി; ദിലീപിനെതിരെ ഇടവേള ബാബുവിന്റെ മൊഴി പുറത്ത്! വെട്ടിലായി അമ്മ

കൊച്ചി: നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ച്‌ എടുത്തതുമായി ബന്ധപ്പെട്ട് മലയാള സിനിമാ രംഗത്ത് വന്‍

കോളിളക്കങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. പകുതി മാത്രം ആളുകളെ പങ്കെടുപ്പിച്ച്‌ നടത്തിയ അമ്മ യോഗത്തിലൂടെ എതിര്‍പ്പില്ലാതെ ദിലീപിനെ തിരികെ കയറ്റുക എന്ന തന്ത്രമാണ് ഗണേഷും മുകേഷും അടക്കമുള്ളവര്‍ മോഹന്‍ലാലിനെ മറയാക്കി പയറ്റിയത്.
എന്നാല്‍ അമ്മ നേതൃത്വം പ്രതീക്ഷിക്കാത്തത്ര വഷളായിക്കൊണ്ടിരിക്കുകയാണ് രംഗം. ദിലീപ് വിഷയം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് നടിമാര്‍ അമ്മയ്ക്ക് കത്ത് നല്‍കിയിരിക്കുന്നു. അതിനിടെ കാര്യങ്ങളെ പിന്നെയും കുഴപ്പത്തിലാക്കി നടി ആക്രമിക്കപ്പെട്ട കേസില്‍ ഇടവേള ബാബു നല്‍കിയ മൊഴി പുറത്ത് വന്നിരിക്കുന്നു. ദിലീപിന് വന്‍ തിരിച്ചടിയാണ് ഈ മൊഴി.
അമ്മയിലെ പ്രതിസന്ധി
നടി ആക്രമിക്കപ്പെട്ട വിഷയത്തിലെ ഇരട്ടത്താപ്പിന്റെ പേരില്‍ താരസംഘടനയായ അമ്മ തുടക്കം മുതലേ രൂക്ഷ വിമര്‍ശനമാണ് നേരിട്ടത്. ഇനി അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്ത് തുടരാനില്ലെന്ന് പ്രഖ്യാപിച്ച്‌ ഇന്നസെന്റ് മാറി നില്‍ക്കുകയും പകരം മോഹന്‍ലാല്‍ വരികയും ചെയ്തു. ജനറല്‍ സെക്രട്ടറി സ്ഥാനം മമ്മൂട്ടി ഒഴിഞ്ഞതോടെ ആ കസേരയിലെത്തിയത് ഇടവേള ബാബു. ഇടവേള ബാബുവിനെ കൂടാതെ കടുത്ത ദിലീപ് പക്ഷക്കാരാണ് നേതൃത്വത്തിലുള്ളവര്‍.

പരാതി ലഭിച്ചില്ലെന്ന് അമ്മ
താന്‍ അമ്മയില്‍ നിന്നും രാജി വെയ്ക്കുന്നതിന് കാരണങ്ങളില്‍ ഒന്നായി ആക്രമിക്കപ്പെട്ട നടി ചൂണ്ടിക്കാട്ടിയത് തന്റെ പരാതി അവഗണിക്കപ്പെട്ടു എന്നതാണ്. ദിലീപ് സിനിമയിലെ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് നടി അമ്മയോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല എന്നാണ് നടി വ്യക്തമാക്കിയത്. എന്നാല്‍ നടിയുടെ അത്തരമൊരു പരാതി ലഭിച്ചിട്ടില്ല എന്നാണ് അമ്മ നേതൃത്വം പറയുന്നത്.

ദിലീപും അമ്മയും കള്ളം പറയുന്നു
താന്‍ നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയിട്ടില്ല എന്ന് ദിലീപും പറയുന്നു. അത്തരമൊരു പരാതി അമ്മയ്ക്ക് നടിയില്‍ നിന്നും ലഭിച്ചിട്ടുണ്ട് എങ്കില്‍ അക്കാര്യത്തില്‍ തന്നോട് വിശദീകരണം ചോദിക്കണമായിരുന്നുവെന്നും ദിലീപ് പ്രതികരിച്ചതായാണ് വാര്‍ത്തകള്‍. എന്നാല്‍ അമ്മയും ദിലീപും പറയുന്നത് കള്ളമാണെന്ന് തെളിയുകയാണ്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നല്‍കിയ മൊഴിയിലാണ് നടി പരാതി നല്‍കിയിരുന്നു എന്ന് പറഞ്ഞിരിക്കുന്നതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ദിലീപിനെതിരെ മൊഴി
ദിലീപിനെതിരെ നടി പരാതി നല്‍കിയിരുന്നു. ആ പരാതിയെക്കുറിച്ച്‌ ദിലീപിനോട് സംസാരിച്ചിരുന്നുവെന്ന് ഇടവേള ബാബുവിന്റെ മൊഴിയില്‍ പറയുന്നു. നടിയുടെ പരാതിയില്‍ കഴമ്ബുണ്ടെന്ന് ബോധ്യപ്പെട്ടതായി അന്ന് ദിലീപിനോട് പറഞ്ഞു. എന്നാല്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് തലയിടുന്നത് എന്നാണ് അതേക്കുറിച്ച്‌ ദിലീപ് മറുപടി നല്‍കിയത് എന്നും ഇടവേള ബാബു നല്‍കിയ മൊഴിയില്‍ പറയുന്നു.

കാവ്യയും നടിയും മിണ്ടാറില്ല
നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബു മുപ്പതാം സാക്ഷിയാണ്. അമ്മയുടെ സ്റ്റേജ് ഷോയ്ക്കിടെ ദിലീപും നടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അതിന് ശേഷം കാവ്യാ മാധവനും നടിയും തമ്മില്‍ മിണ്ടിയിട്ടില്ലെന്നും ഇടവേള ബാബു പോലീസിന് നല്‍കിയ മൊഴിയിലുണ്ട്. ഇതോടെ ദിലീപിനെ സംരക്ഷിക്കുന്ന അമ്മയുടെ വാദങ്ങള്‍ പൊളിയുകയാണ്.

തിലകനുണ്ടായ അതേ അനുഭവം
നേരത്തെ നടന്‍ തിലകന്‍ ഗണേഷ് കുമാറിന് എതിരെ അമ്മ ഭാരവാഹി ആയിരുന്ന മോഹന്‍ലാലിന് പരാതി നല്‍കിയിരുന്നു. ഗണേഷിന്റെ ഗുണ്ടകള്‍ തനിക്ക് നേരെ വധഭീഷണി ഉയര്‍ത്തുന്നു എന്നതടക്കമായിരുന്നു തിലകന്‍ നല്‍കിയ കത്ത്. എന്നാല്‍ ഈ കത്ത് അമ്മ അവഗണിച്ചു. സമാനമായ നിലപാട് തന്നെയാണ് ദിലീപിന് എതിരെ ലഭിച്ച നടിയുടെ പരാതിയിലും അമ്മ സ്വീകരിച്ചത്.

വെട്ടിലായി നേതൃത്വം
എന്നാല്‍ ഇടവേള ബാബുവിന്റെ മൊഴി പുറത്ത് വന്നതോടെ അമ്മ നേതൃത്വവും ദിലീപും ഒരുപോലെ വെട്ടിലായിരിക്കുകയാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് എന്നുള്ളത് അമ്മയുടെ പൊള്ളയായ വാഗ്ദാനം മാത്രമാണ് എന്നത് കൂടുതല്‍ വ്യക്തമായി വരികയാണ്. രേവതിയും പത്മപ്രിയയും പാര്‍വ്വതിയും ദിലീപ് വിഷയം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കിയതോടെ അമ്മ തീര്‍ത്തും പ്രതിസന്ധിയിലായിരിക്കുന്നു.

error: Content is protected !!
%d bloggers like this: