തളിപ്പറമ്പ് മെയിന്‍ റോഡിലെ നടപ്പാതയില്‍ ടൈല്‍സ് കെണി

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്റോഡില്‍ നടപ്പാതയില്‍ ടൈല്‍സ് പതിപ്പിച്ചത് കാല്‍നടക്കാര്‍ക്ക് എട്ടിന്റെ പണിയായി. മെയിന്‍ റോഡില്‍ മൂത്തേടത്ത് സ്‌കൂള്‍ മുതല്‍ താലൂക്ക് ഓഫീസ് ജംഗ്ഷന്‍ വരെയുള്ള ഭാഗത്താണ് നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ഇരുഭാഗത്തെയും നടപ്പാതകളില്‍ ടൈല്‍സ് വിരിച്ചത്. ടൈല്‍സ് പതിപ്പിച്ച പലഭാഗത്തും ഇത് പതിപ്പിച്ച അന്നുതന്നെ ടൈല്‍സുകള്‍ ഇളകിയത് വിവാദമായിരുന്നു. എന്നാല്‍ പണി പൂര്‍ത്തിയായപ്പോഴാണ് കാല്‍നടക്കാര്‍ക്ക് ഓര്‍ക്കാപ്പുറത്ത് പണികിട്ടിത്തുടങ്ങിയത്. ന്യൂസ് കോര്‍ണറിന് സമീപം നടപ്പാതയില്‍ ടൈല്‍സ് വന്നതോടെ ഇവിടെ നടപ്പാത ഉയര്‍ന്നിരിക്കയാണ്. അതേസമയം കോര്‍ട്ട്‌റോഡില്‍ നിന്നും വരുന്ന നടപ്പാതയില്‍ ടൈല്‍സ് പതിക്കാത്തതിനാല്‍ ഇവിടെ താഴ്ന്ന് നില്‍ക്കുകയാണ്. കോര്‍ട്ട് റോഡ് നഗരസഭയുടെതായതിനാല്‍ അവിടെ പൊതുമരാമത്ത് വകുപ്പിന് ടൈല്‍സ് പതിക്കാന്‍ സാധിക്കില്ലെന്ന്് ബന്ധപ്പെട്ടവര്‍ പറയുന്നു. നടപ്പാത ഉയര്‍ന്നുനില്‍ക്കുന്നതറിയാതെ നടന്നുപോകുന്ന നിരവധിപേരാണ് ഇവിടെ ടൈല്‍സ് കെണിയില്‍ തട്ടി വീണുകൊണ്ടിരിക്കുന്നത്. ഈ ഭാഗം സിമന്റിട്ട് വശത്തേക്ക് താഴ്ച്ച നല്‍കിയിരുന്നുവെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: