സഹോദരങ്ങളുടെ വേർപാട് താങ്ങാനാവാതെ നാടും തയ്യിൽ കുടുംബവും.

കോവിഡ് ബാധിച്ച് ഡൽഹിയിൽ മരിച്ച സഹോദരങ്ങളായ റിജോയും റിനോജും.
ചെറുപുഴ: സഹോദരങ്ങളുടെ വേർപാട് താങ്ങാനാവാതെ നാടും തയ്യിൽ കുടുംബവും. ഡൽഹിയിൽ സംഹാര താണ്ഡവമാടുന്ന കോവിഡ് തയ്യിൽ കുടുംബത്തിലെ രണ്ട് മക്കളെയും കവർന്നെടുത്തു. ഒരാഴ്ചയ്ക്കുള്ളിൽ എത്തിയ രണ്ടാമത്തെ മരണ വാർത്ത തയ്യിൽ ജോൺ ജോസഫിൻ്റെ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിനപ്പുറമായി. ഇടവരമ്പിലെ കർഷക കുടുംബത്തിൽ നിന്ന് ഉന്നത പദവികളിലെത്തിയ സഹോദരങ്ങളുടെ വേർപാട് നാട്ടുകാർക്കും സുഹൃത്തുക്കൾക്കും സഹപാഠികൾക്കും സഹിക്കാൻ കഴിയുന്നില്ല. ഏപ്രിൽ 22നാണ് ഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജിയിലെ ശാസ്ത്രജ്ഞനായ ഡോ. റിനോജ് ജെ. തയ്യിൽ (53) ആണ് ഋഷികേശ് എയിംസിൽ വെച്ച് മരിച്ചത്. പത്ത് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ചാമോലി പ്രകൃതിദുരന്തത്തെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ശാസ്ത്രജ്ഞന്മാരെ നയിച്ചിരുന്നത് ഡോ. റിനോജ് ആയിരുന്നു. ജോലി സംബന്ധമായ കാര്യത്തിനാണ് ഋഷികേശിൽ പോയത്. അവിടെ വെച്ചാണ് കോവിഡ് ബാധിതനായത്. സാഹസിക പ്രിയനും ആരോഗ്യ വാനുമായ റിനോജ് ഹിമാലയത്തിലെ ഉയർന്ന സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചതറിഞ്ഞ് സഹോദരൻ റിജോഡൽഹിയിൽ നിന്നും ഋഷികേശിൽ എത്തിയിരുന്നു. ഇവിടെ വെച്ചാണ് ഇദ്ദേഹത്തിനും രോഗം ബാധിച്ചത്. എട്ട് ദിവസമായി ഡൽഹിയിലെ സെൻ്റ് സ്റ്റീഫൻസ് ആസ്പത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇടവരമ്പിലെ കർഷക കുടുംബത്തിൽ ജനിച്ച സഹോദരങ്ങൾ കഠിന പ്രയത്നത്തിലൂടെയാണ് നേട്ടങ്ങൾ കൈവരിച്ചത്. ബുധനാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങിയ റിജോ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് വാഴക്കുണ്ടം ഗവ. എൽപി സ്കൂളിലാണ്. തുടർന്ന് കോഴിച്ചാൽ ഗവ. ഹൈസ്കൂളിൽ ഏഴ് വരെയും പാലാവയൽ സെൻ്റ് ജോൺസ് ഹൈസ്കൂളിൽ പത്ത് വരെയും പഠിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂർ കോളേജിൽ നിന്ന് ബിരുദവും നേടി. ബാംഗ്ലൂരിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ നടത്തിയതിന് ശേഷം ഡൽഹി സെൻ്റ് സ്റ്റീഫൻസ് ആസ്പത്രിയിൽ ജോലി ചെയ്തു. പിന്നീടാണ് ടാറ്റാ കൺസൾട്ടൻസി സർവീസിലേയ്ക്ക് മാറിയത്. 170 പേരുള്ള പാലാവയൽ സെൻ്റ് ജോൺസ് ഹൈസ്കൂളിലെ 1982 – 83 ബാച്ചിൻ്റെ വാട്സാപ്പ് ഗ്രൂപ്പിൻ്റെ അഡ്മിനായിരുന്നു. പൂർവ്വ വിദ്യാർഥികളെ ഒരുമിച്ചുകൂട്ടുന്നതിന് പ്രധാന പങ്ക് വഹിച്ചത് ഇദ്ദേഹമായിരുന്നു. പൂർവ വിദ്യാർഥി സംഗമം നടന്നെങ്കിലും പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഒന്നു കാണുവാൻ പോലും കഴിഞ്ഞില്ലല്ലോയെന്ന തീരാദുഖത്തിലാണ് സഹപാഠികൾ. ഡൽഹിയിൽ സംസ്കാരം കഴിഞ്ഞെങ്കിലും രണ്ടു പേരുടെയും ഭൗതികാവശിഷ്ടം നാട്ടിൽ കൊണ്ടുവന്ന് സംസ്കരിക്കും.
Attachments area

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: