വിട പറഞ്ഞത് ഉരുവിന്റെ ചരിത്രം അഴീക്കോട്ടെത്തിച്ച വ്യവസായി

അഴീക്കോട്: ബേപ്പൂരിനും തളങ്കരയ്ക്കും പുറമേ 30 വർഷം മുമ്പ് അഴീക്കൽ തീരത്തും ഉരു-ബോട്ട് നിർമാണം എത്തിച്ച വ്യവസായി ആയിരുന്നു അന്തരിച്ച തളങ്കര അബ്ദുൾ ഹക്കീം. 1990-ലാണ് ഹക്കിം കപ്പക്കടവിൽ സുൽക്ക ഷിപ്പ് യാർഡ് ആരംഭിച്ചത്. മൂന്ന് പതിറ്റാണ്ടിനിടയിൽ 25-ഓളം ജലയാനങ്ങൾ നിർമിച്ചു. ഗൾഫിലുള്ള ഷെയ്ക്കിനും കേന്ദ്രസർക്കാറിനും ലക്ഷദ്വീപ് ഭരണകൂടത്തിനുമാണ് നിർമിച്ചു നൽകിയത്. അമേരിക്കയിൽനിന്ന് മറൈൻ എൻജിനീയറിങ്‌ പാസായശേഷം പിതാവായ തളങ്കര അബ്ദുല്ലക്കുഞ്ഞിയുടെ ആഗ്രഹമനുസരിച്ചാണ് അഴീക്കലിൽ ഷിപ്പ് യാർഡ് തുടങ്ങിയത്. ഹക്കീം തന്നെയാണ് ഉരുവിന്റെ രൂപകൽപ്പന. നിലമ്പൂർ കാടുകളിലെ തേക്കാണ് ഉരുനിർമാണത്തിന് ഉപയാഗിച്ചിരുന്നത്. വ്യവസായമന്ത്രി ഇ.പി.ജയരാജൻ കഴിഞ്ഞവർഷം ഷിപ്പ്‌യാർഡിലെത്തി ഉരുവ്യവസായത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നു. പഠിക്കുന്ന കാലത്തുതന്നെ കെ.എസ്.യു.വുമായും പിന്നീട് കോൺഗ്രസുമായും ബന്ധപ്പെട്ടു. കെ.കരുണാകരൻ, എ.കെ.ആന്റണി, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഉപദേഷ്ടാവ് ആർ.കെ.ധവാൻ എന്നിങ്ങനെ കോൺഗ്രസിന്റെ നിരവധി സംസ്ഥാന-ദേശീയ നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. തമിഴ്നാട്ടിൽവെച്ച് രണ്ടുവർഷം മുമ്പ് മികച്ച ബിസിനസ്‌ സംരംഭകൻ എന്ന ബഹുമതി ലഭിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: