തളങ്കര അബ്ദുൽ ഹഖിം
ദുബായിൽ അന്തരിച്ചു

പ്രമുഖ ഉരു വ്യവസായി തളങ്കര അബ്ദുൽ ഹകീം(65) ദുബായിൽ നിര്യാതനായതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. തളങ്കരയുടെ ഉരു നിര്‍മ്മാണ പൈതൃകത്തിന് ലോകോത്തര കീർത്തി പകർന്നതാണ് ഇദ്ദേഹത്തിന്റെ ഖ്യാതി.
പരേതനായ തളങ്കര അബ്ദുല്ലക്കുഞ്ഞിയുടേയും കുഞ്ഞാമിനയുടേയും മകനാണ്. കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ദുബായ് റാഷിദിയ്യ ആസ്പത്രിയില്‍ രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. ഇന്നുച്ചയോടെയാണ് മരിച്ചത്.
കുടുംബ സമേതം ദുബായിലേക്ക് പോയ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ആസ്പത്രിയില്‍ കഴിയുകയായിരുന്നു.
ഭാര്യമാര്‍: കല്ലട്ര ജമീല, റസീന, പരേതയായ ഡോ. ഖദീജ. മക്കള്‍: നാസിഫ, നീമ, സുഹൈല്‍, പരേതയായ സുഹാന. മരുമക്കള്‍: നിസാര്‍, അന്‍വര്‍. സഹോദരങ്ങള്‍: തളങ്കര മുഹമ്മദ് അഷ്‌റഫ്, ഡോ. തളങ്കര നൂറുദ്ദീന്‍, പരേതനായ തളങ്കര ഇബ്രാഹിം ഖലീല്‍, തളങ്കര നഫീസത്ത് ബീവി, തളങ്കര ഖമറു, തളങ്കര സുഹ്‌റ.

വിട പറഞ്ഞത് ഉരുവിന്റെ ചരിത്രം അഴീക്കോട്ടെത്തിച്ച വ്യവസായി

അഴീക്കോട്: ബേപ്പൂരിനും തളങ്കരയ്ക്കും പുറമേ 30 വർഷം മുമ്പ് അഴീക്കൽ തീരത്തും ഉരു-ബോട്ട് നിർമാണം എത്തിച്ച വ്യവസായി ആയിരുന്നു അന്തരിച്ച തളങ്കര അബ്ദുൾ ഹക്കീം. 1990-ലാണ് ഹക്കിം കപ്പക്കടവിൽ സുൽക്ക ഷിപ്പ് യാർഡ് ആരംഭിച്ചത്. മൂന്ന് പതിറ്റാണ്ടിനിടയിൽ 25-ഓളം ജലയാനങ്ങൾ നിർമിച്ചു. ഗൾഫിലുള്ള ഷെയ്ക്കിനും കേന്ദ്രസർക്കാറിനും ലക്ഷദ്വീപ് ഭരണകൂടത്തിനുമാണ് നിർമിച്ചു നൽകിയത്. അമേരിക്കയിൽനിന്ന് മറൈൻ എൻജിനീയറിങ്‌ പാസായശേഷം പിതാവായ തളങ്കര അബ്ദുല്ലക്കുഞ്ഞിയുടെ ആഗ്രഹമനുസരിച്ചാണ് അഴീക്കലിൽ ഷിപ്പ് യാർഡ് തുടങ്ങിയത്. ഹക്കീം തന്നെയാണ് ഉരുവിന്റെ രൂപകൽപ്പന. നിലമ്പൂർ കാടുകളിലെ തേക്കാണ് ഉരുനിർമാണത്തിന് ഉപയാഗിച്ചിരുന്നത്. വ്യവസായമന്ത്രി ഇ.പി.ജയരാജൻ കഴിഞ്ഞവർഷം ഷിപ്പ്‌യാർഡിലെത്തി ഉരുവ്യവസായത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നു. പഠിക്കുന്ന കാലത്തുതന്നെ കെ.എസ്.യു.വുമായും പിന്നീട് കോൺഗ്രസുമായും ബന്ധപ്പെട്ടു. കെ.കരുണാകരൻ, എ.കെ.ആന്റണി, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഉപദേഷ്ടാവ് ആർ.കെ.ധവാൻ എന്നിങ്ങനെ കോൺഗ്രസിന്റെ നിരവധി സംസ്ഥാന-ദേശീയ നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. തമിഴ്നാട്ടിൽവെച്ച് രണ്ടുവർഷം മുമ്പ് മികച്ച ബിസിനസ്‌ സംരംഭകൻ എന്ന ബഹുമതി ലഭിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: