കണ്ണൂരിൽ ജില്ലാ പോലീസ് മേധാവിക്കെതിരേ കളക്ടർ ; ഹോട്ട്സ്പോട്ട് അല്ലാത്ത ഇടങ്ങളിൽ ബ്ലോക്ക് ചെയ്ത റോഡുകൾ മുഴുവനും തുറക്കാൻ നിർദേശം

കണ്ണൂരിൽ ജില്ലാ പോലീസ് മേധാവിക്കെതിരേ കളക്ടർ. ജില്ലയിൽ ഹോട്ട്സ്പോട്ട് അല്ലാത്ത ഇടങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കിയ എസ്പിയുടെ നടപടിക്കെതിരേ കളക്ടർ ഉത്തരവിറക്കി. ഹോട്ട്സ്പോട്ട് അല്ലാത്തയിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാടില്ലെന്നും ബ്ലോക്കുകൾ അടിയന്തരമായി നീക്കാനും കളക്ടർ ആവശ്യപ്പെട്ടു.

ഇക്കാര്യം ഉന്നയിച്ച് കളക്ടർ ടി.വി സുഭാഷ് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് കത്തയച്ചിട്ടുണ്ട്. പ്രധാനമായും അഞ്ച് കാര്യങ്ങൾ എടുത്തു പറഞ്ഞുകൊണ്ടുള്ളതാണ് കത്ത്. ജില്ലയിൽ സാമൂഹിക വ്യാപനം ഇല്ലെന്നിരിക്കെ എസ്പി കണ്ടെയ്ൻമെന്റ് സോൺ തിരിച്ചത് എന്ത് അധികാരം ഉപയോഗിച്ചാണെന്നും റോഡുകൾ ബ്ലോക്ക് ചെയ്യേണ്ട ആവശ്യമെന്താണെന്നും കത്തിൽ കളക്ടർ ആരാഞ്ഞു.

കടുത്ത ബ്ലോക്ക് കാരണം ആംബുലൻസുകൾ തിരിച്ചുവിടേണ്ടി വന്നുവെന്നും ഡയാലിസിസ് രോഗികൾക്ക് ആശുപത്രിയിൽ പോകാൻ സാധിച്ചില്ലെന്നും കളക്ടർ ചൂണ്ടിക്കാട്ടി. ജില്ലയിലെ ഒരു യോഗത്തിലും ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നിരിക്കെ എങ്ങനെയാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതെന്നും കളക്ടർ ചോദിച്ചു. ബുധനാഴ്ച വൈകീട്ടോടെ ബ്ലോക്ക് ചെയ്ത റോഡുകൾ മുഴുവൻ തുറന്ന് വാഹനങ്ങൾ കടത്തിവിടണമെന്നും കളക്ടർ ആവശ്യപ്പെട്ടു.

കോവിഡ് സംബന്ധമായുള്ള യോഗങ്ങളിൽ ജില്ലാ പോലീസ് മേധാവി പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്നും ഇനിയുള്ള യോഗങ്ങളിൽ പങ്കെടുക്കണമെന്ന നിർദേശവും കത്തിലൂടെ കളക്ടർ നൽകി. ഹോട്ട്സ്പോട്ടുകളല്ലാത്ത ഇടങ്ങളിൽ റോഡുകൾ ബ്ലോക്ക് ചെയ്തതിന് നാട്ടുകാരുടെ ഭാഗത്തുനിന്നും മറ്റും വലിയ പരാതി ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് കളക്ളർ പുതിയ ഉത്തരവ് പുറത്തിറക്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: