അമിതവില: ലീഗൽ മെട്രോളജി വകുപ്പ് 7,60,000 രൂപ പിഴ ഈടാക്കി

ലീഗൽ മെട്രോളജി വകുപ്പ് 7,60,000 രൂപ പിഴ ഈടാക്കി
സംസ്ഥാന വ്യാപകമായി ലീഗൽ മെട്രോളജി വകുപ്പ് കഴിഞ്ഞ ഒരാഴ്ചക്കാലം നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയവരിൽ നിന്നും ഏഴ് ലക്ഷത്തി അറുപതിനായിരം രൂപ പിഴ ഈടാക്കി. 2217 പരിശോധനകളിലൂടെ 165 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
മെഡിക്കൽ സ്റ്റോറുകൾ, പ്രൊവിഷൻ സ്റ്റോറുകൾ, മാർക്കറ്റുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സാനിറ്റൈസർ, ഫെയ്‌സ് മാസ്‌ക്, കുപ്പി വെള്ളം, പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്ക് അമിതവില ഈടാക്കിയതിനും മറ്റ് നിയമ ലംഘനങ്ങൾക്കുമാണ് കേസെടുത്തത്. വിലവിവര പട്ടിക പ്രദർശിപ്പിക്കുന്നില്ലെന്നും പഴം, പച്ചക്കറി തുടങ്ങിയവയ്ക്ക് അമിത വില ഈടാക്കുന്നതായുമുള്ള പരാതികൾ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിധിയിൽ വരുന്നവയല്ല. ഭക്ഷ്യ പൊതുവിതരണ വകുപ്പിനാണ് ഇത്തരം പരാതികളിൽ നടപടി സ്വീകരിക്കാൻ കഴിയുന്നത്.
അളവിലോ തൂക്കത്തിലോ കുറച്ച് വിൽപ്പന നടത്തുക, മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ച് വ്യാപാരം നടത്തുക, നിയമാനുസൃതമുള്ള പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താത്ത പായ്ക്കറ്റുകൾ വിൽപ്പന നടത്തുക തുടങ്ങിയ നിയ ലംഘനങ്ങൾക്കെതിരെയാണ് പ്രധാനമായും ലീഗൽ മെട്രോളജി നിയമവും ചട്ടങ്ങളും പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനാവുക. രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും കടയുടമകൾ പിഴ അടച്ചിട്ടില്ല. യഥാസമയം പിഴ അടയ്ക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് ലീഗൽ മെട്രോളജി കൺട്രോളർ അറിയിച്ചു. ഉപഭോക്താക്കൾക്ക് കൺട്രോൾ റൂം നമ്പരുകളിലും 1800 425 4835 എന്ന ടോൾ ഫീ നമ്പരിലും സുതാര്യം എന്ന മൊബൈൽ ആപ്ലിക്കേഷനിലും lmd.kerala.gov.in എന്ന വെബ് സൈറ്റിലും പരാതികൾ അറിയിക്കാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: