പന്ത്രണ്ട് ദിവസം പ്രായമായ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് ചെറുപുഴ പോലീസ്

ചെറുപുഴ: പന്ത്രണ്ട് ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് ചെറുപുഴ പൊലീസ്. വെള്ളിയാഴ്ച വൈകുന്നേരമാണ് പാറോത്തുംനീർ സ്വദേശികളായ അനീഷ്, ജ്യോതി ദമ്പതികളുടെ 12 ദിവസം പ്രായമുള്ള കുട്ടിയെ ഛർദ്ദിയെതുടർന്ന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയെ പരിശോധിച്ച ഡോക്‌ടർ കുട്ടി ഗുരുതരാവസ്‌ഥയിലാനെന്നും ഉടൻ പരിയാരം മെഡിക്കൽ കോളേജിൽ എത്തിക്കണമെന്നും നിർദ്ദേശിച്ചു.
ഇവരെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ ചെറുപുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പി.വി. സുധീർ കുമാറിനെ വിവരമറിയിച്ചു. ഇദ്ദേഹം വാഹനത്തിനടുത്തെത്തി കുട്ടിയെ നോക്കിയപ്പോൾ നില മോശമാണെന്ന് മനസിലാകുകയും പെട്ടെന്ന് തന്നെ സ്‌റ്റേഷനിലെത്തി സ്റ്റേഷൻ ഇൻസ്‌പെക്‌ടർ എം.പി.വിനീഷ് കുമാറിനെ വിവരമറിയിക്കുകയുമായിരുന്നു. സ്റ്റേഷൻ ഇൻസ്പെക്‌ടറുടെ നിർദ്ദേശ പ്രകാരം പോലീസ് ജീപ്പിൽ തന്നെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പി.വി. സുധീർ കുമാർ ഡ്രൈവർ കെ. മഹേഷ് എന്നിവർ ചേർന്ന് കുട്ടിയെ പയ്യന്നൂർ അനാമായ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വെറും 23 മിനിട്ടുകൊണ്ടാണ് ചെറുപുഴയിൽ നിന്ന് പയ്യന്നൂരിലേയ്ക്ക് കുഞ്ഞു ജീവൻ രക്ഷിക്കാൻ പോലീസ് ജീപ്പ് പാഞ്ഞെത്തിയത്. കുട്ടി ഇപ്പോൾ അപകട നില തരണം ചെയ്ത് സുഖം പ്രാപിച്ചുവരുന്നു. ചെറുപുഴ പോലീസ് സ്‌റ്റേഷനിലെ മിടുക്കരായ ഈ ഉദ്യോഗസ്‌ഥരുടെ ആൽമാർത്ഥതയും സഹജീവി സ്‌നേഹവും അഭിനന്ദനീയമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: