തളിപ്പറമ്പിൽ അനാവശ്യയാത്രക്കാർ കുറഞ്ഞു; റോഡുകൾ വിജനം

തളിപ്പറമ്പിൽ പോലീസ് നടപടികളെ മറികടന്ന് അനാവശ്യമായി നഗരത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണം ശനിയാഴ്ച കുറഞ്ഞു.

കാൽനടയാത്രക്കാർപോലും വിരലിലെണ്ണാവുന്നവർ മാത്രമാണ് റോഡിലിറങ്ങുന്നത്. ദേശീയപാത, മന്ന കവല തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ് പരിശോധന കർശനമാക്കിയതിനെ തുടർന്നാണിത്. മാർക്കറ്റിൽ ഏതാനും പലചരക്കുകടകളും പഴം-പച്ചക്കറി വ്യാപാരികളും തുറന്നുപ്രവർത്തിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലേക്ക് നഗരത്തിൽനിന്ന്‌ സാധനങ്ങൾ കയറ്റിക്കൊണ്ടുപോകാമെങ്കിലും വാഹനസൗകര്യമില്ലെന്ന് വ്യാപാരികൾ പറയുന്നു.

ഓട്ടോറിക്ഷകളൊന്നും ഓടാൻ തയ്യാറാകുന്നില്ല. സാധനങ്ങളുമായി പോകുന്ന വാഹനങ്ങളെ പോലീസ് കടത്തിവിടുന്നുണ്ട്. അതേസമയം തിരിച്ചുവരവിൽ പോലീസിന്റെ ചോദ്യംചെയ്യൽ പ്രയാസപ്പെടുത്തുന്നതായി ഓട്ടോറിക്ഷാ ഡ്രൈവർമാരുൾപ്പെടെ പറയുന്നു. ഗ്രാമപ്പഞ്ചായത്തുകളിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും റോഡരികിലും കൂടിനിൽക്കുന്നവരുടെ എണ്ണത്തിലും കുറവുള്ളതായി പോലീസ് പറഞ്ഞു. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുന്നുണ്ട്. വാഹനങ്ങളുൾപ്പെടെ പിടിച്ചെടുത്താണ് നടപടി.

ഏഴോം-പഴയങ്ങാടി റോഡരികിലും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലും കഴിഞ്ഞദിവസം കൂടിനിന്നവരെ പോലീസ വിരട്ടിയോടിച്ചിരുന്നു. ചിലർക്ക് പോലീസിന്റെ അടിയും കിട്ടി. പരിയാരം, കുറമാത്തൂർ ഭാഗങ്ങളിലും പരിശോധന പോലീസ് കർശനമാക്കിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: