മാലൂരിൽ നിരീക്ഷണത്തിലുള്ളത് 374 പേർ; നിയന്ത്രണങ്ങൾ കർശനമാക്കുന്നു
മാലൂർ: മാലൂർ പഞ്ചായത്തിലെ ശിവപുരത്തിനടുത്ത ഇടപഴശ്ശിയിൽ കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ സമ്പർക്കവിലക്ക് കർശനമാക്കാൻ മാലൂർ പഞ്ചായത്ത് ഉന്നതതല യോഗം തീരുമാനിച്ചു. ഇദ്ദേഹം സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർ മാലൂർ സിറ്റിയിലെ മാവേലി സ്റ്റോറിൽനിന്നും തൃക്കടാരിപ്പൊയിലിലെ കടയിൽനിന്നും സാധനങ്ങൾ വാങ്ങിയതായി ആരോഗ്യവകുപ്പിന് വിവരം ലഭിച്ചു. ഡ്രൈവറും കുടുംബവും നിരീക്ഷണത്തിലാണ്. ഇദ്ദേഹം ഇടപെട്ട കടകൾ ആരോഗ്യവകുപ്പ് അടപ്പിച്ചു. മാവേലി സ്റ്റോറിലെ നാലു ജീവനക്കാരോടും നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിരിക്കയാണ്. പുതുതായി ജീവനക്കാരെ നിയോഗിച്ച ശേഷമേ മാവേലി സ്റ്റോർ തുറക്കുകയുള്ളൂ. തൃക്കടാരിപ്പൊയിൽ, തോലമ്പ്ര ആശുപത്രി, മാവേലി സ്റ്റോർ, മാലൂർ സിറ്റി തുടങ്ങിയ പ്രദേശങ്ങളിൽ പേരാവൂർ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി.