ഏപ്രിൽ ഒന്നു മുതൽ വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കുന്നു

ഏപ്രിൽ ഒന്നു മുതൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കുന്നു. റജിസ്റ്റർ ചെയ്യുമ്പോൾ മോട്ടോർവാഹന വകുപ്പ് നമ്പർ നൽകും. ഇത് നമ്പർ പ്ലേറ്റിൽ പതിച്ച് ഘടിപ്പിക്കേണ്ട ഉത്തരവാദിത്തം ഡീലർമാർക്കായിരിക്കും. നമ്പർ പ്ലേറ്റ് നിർമിക്കാൻ ഏതെങ്കിലും അംഗീകാരമുള്ള സ്ഥാപനത്തെ വാഹനനിർമാതാവിനു സമീപിക്കാം. റജിസ്ട്രേഷൻ നമ്പർ, എൻജിൻ, ഷാസി നമ്പറുകൾ രേഖപ്പെടുത്തിയ സ്റ്റിക്കർ മുൻവശത്തെ ഗ്ലാസിൽ പതിപ്പിക്കും. ഇതിൽ മാറ്റം വരുത്താൻ പിന്നീട് സാധിക്കില്ല. ഇളക്കാൻ ശ്രമിച്ചാൽ തകരാർ സംഭവിക്കുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും കാരണവശാൽ ഗ്ലാസ് മാറേണ്ടി വന്നാൽ പുതിയ സ്റ്റിക്കറിനു അംഗീകൃതർ സർവീസ് സെന്ററിനെ സമീപിക്കുകയും വേണം.‌

നമ്പര്‍പ്ലേറ്റുകള്‍ക്ക് നിശ്ചിത അളവ് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ മോഡല്‍ അനുസരിച്ച് ഇവ ഘടിപ്പിക്കേണ്ട പ്രതലത്തില്‍ വ്യത്യാസമുണ്ട്. സാധാരണയായ നമ്പർ പ്ലേറ്റുകൾ സ്ക്രൂ ഉപയോഗിച്ചാണ് ഘടിപ്പിക്കാറ്. പുതിയ പ്ലേറ്റുകൾ റിവെറ്റ് തറച്ചായിരിക്കും പിടിപ്പിക്കുക. ഇത് ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും. ഹോളോഗ്രാം മുദ്ര മറ്റൊരു പ്രത്യേകതയാണ്. നമ്പർ പ്ലേറ്റുകൾക്കു ഏകീകൃത സ്വഭാവം കൊണ്ടുവരാനും പുതിയ പരിഷ്കാരത്തിലൂടെ സാധിക്കും. വാഹനത്തിന്റെ ഒറിജനൽ രേഖകൾ ഹാജരാക്കിയാലേ നമ്പർ പ്ലേറ്റ് ലഭിക്കൂ. പഴയ വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ളേറ്റുകൾ നിർബന്ധമല്ല. എന്നാൽ താൽപര്യമുള്ളവർക്ക് ഘടിപ്പിക്കാം.

പുതിയ സാങ്കേതികവിദ്യയുടെ പിൻബലമുള്ള നമ്പർ പ്ലേറ്റുകൾ നിലവിൽ വരുന്നത് ദേശീയതലത്തിൽ തന്നെ നമ്പർ പ്ലേറ്റുകൾക്ക് ഐകരൂപം കൈവരിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ഇറക്കിയ ഉത്തരവില്‍ എല്ലാ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് വേണമെന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഇതില്‍ പഴയവാഹനങ്ങളും ഉള്‍പ്പെടുമെങ്കിലും തത്കാലം പഴയവാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കില്ല. എന്നാല്‍, ഭാവിയില്‍ ഘടിപ്പിക്കേണ്ടിവരുമെന്ന സൂചനയാണ് മോട്ടോർ വാഹന വകുപ്പ് അധികൃതര്‍ നല്‍കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: