മാലമോഷണക്കേസിൽ ആളുമാറി അറസ്റ്റിലായ കതിരൂർ സ്വദേശി താജുദീന്റെ ഹരജിയിൽ സർക്കാറിന് ഹൈക്കോടതിയുടെ നോട്ടീസ്: മാനനഷ്ടമായി 1.4 കോടി നൽകണമെന്ന് ഹരജി

കണ്ണൂർ: ചക്കരക്കൽ മാല മോഷണത്തിന് ആളുമാറി അറസ്റ്റിലായി സമാനതകളില്ലാത്ത പീഡനം നേരിട്ട സംഭവത്തിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖത്തറിൽ പ്രവാസിയായിരുന്ന തലശ്ശേരി കതിരൂർ സ്വദേശി വി കെ താജുദ്ദീൻ നൽകിയ ഹർജിയിലാണ് നോട്ടീസ്. ജസ്റ്റിസ് ഷാജി പി ചാലിയുടേതാണ് ഉത്തരവ്.

ആളുമാറി അറസ്റ്റ് ചെയ്തത് കൊണ്ടും പിന്നീടുണ്ടായ സംഭവങ്ങളെ തുടർന്നുമുള്ള നഷ്ടങ്ങൾക്ക് ഒരു കോടി രൂപയും ഭാര്യക്കും മൂന്ന് മക്കൾക്കും പത്ത് ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

സർക്കാരിനെയും ഡി ജി പി യേയും കൂടാതെ ചക്കരക്കൽ എസ് ഐ പി ബിജു, എ എസ് ഐ മാരായ യോഗേഷ്, ടി ഉണ്ണികൃഷ്‌ണൻ എന്നിവരെയുമാണ് എതിർ കക്ഷികളാക്കിയിട്ടുള്ളത്.

ഖത്തറിൽ കഴിഞ്ഞ ഇരുപത് വർഷം പ്രവാസിയായിരുന്ന താജുദ്ദീനെ മകളുടെ വിവാഹം പ്രമാണിച്ചു അവധിക്ക് വന്ന സമയത്ത് മാല പൊട്ടിച്ച കേസിൽ ആളുമാറി ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആളുമാറിയാണ് അറസ്റ് ചെയ്തതെന്ന് കേണു പറഞ്ഞിട്ടും മുഖാവിലക്കെടുക്കാതെ കോടതിയിൽ ഹാജരാക്കുകയായൊരുന്നു. കോടതി റിമാൻഡ് ചെയ്ത താജുദ്ദീന് അൻപത്തി നാല് ദിവസം ജയിലിൽ കഴിയേണ്ടി വന്നിരുന്നു. സിസിടിവിയിൽപതിഞ്ഞ മോഷ്ടാവിന്റെ മുഖവുമായി സാമ്യമുണ്ട് എന്ന കാരണത്താലായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത താജുദ്ദീനെ തെളിവെടുപ്പിനായും തൊണ്ടിമുതൽ കണ്ടെടുക്കാനായും പലയിടത്തും കൊണ്ട് പോയി നാട്ടുകാരുടെ മുന്നിൽ പ്രദർശിപ്പിച്ചുവെന്ന് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.

പിന്നീട് താജുദ്ദീന്റെ ഭാര്യയുടെ പരാതിയിൽ കണ്ണൂർ ഡി വൈ എസ് പി നടത്തിയ അന്വേഷണത്തിലാണ് താജുദ്ദീൻ നിരപരാധിയാണെന്ന് തെളിഞ്ഞത്. പിന്നീട് യഥാർത്ഥ മോഷ്ടാവ് ആയ ശരത് വത്സരാജ് എന്നയാളെ പിടികൂടുകയും ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: