സി.പി.എം. പ്രവർത്തകനെ വധിക്കാൻശ്രമിച്ച കേസ്: എട്ട് ബി.ജെ.പി. പ്രവർത്തകർക്ക് തടവും പിഴയും

തലശ്ശേരി:കൂത്തുപറമ്പ് മാങ്ങാട്ടിടത്തെ സിപി.എം. പ്രവർത്തകനെ വധിക്കാൻശ്രമിച്ച കേസിൽ എട്ട് ബി.ജെ.പി. പ്രവർത്തകർക്ക് പത്തുവർഷം വീതം കഠിനതടവും ഒരുലക്ഷം രൂപ വീതം പിഴയും ശിക്ഷ. ചാത്തമ്പറ്റ ഹൗസിൽ തൊണ്ടു ബാലൻ ഭാസ്കരനെ കൊത്തിയും വെട്ടിയും കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

വിവിധ വകുപ്പുകൾ പ്രകാരം 20 വർഷവും ഒൻപത് മാസവും 15 ദിവസവും വീതം തടവും ഒരുലക്ഷം രൂപ വീതം പിഴയടക്കാനും തലശ്ശേരി പ്രിൻസിപ്പൽ അസി. സെഷൻസ് ജഡ്ജി ഹരിപ്രിയ പി. നമ്പ്യാർ വിധിച്ചു. ഇതോടൊപ്പം രണ്ടും ഏഴും പ്രതികളായ നിധീഷ്, സുബിൻലാൽ എന്നിവരെ ഒരുവർഷം വീതം തടവിനും ശിക്ഷിച്ചു.

പിഴയടച്ചില്ലെങ്കിൽ നാലുവർഷം കൂടി തടവ് അനുഭവിക്കണം. പിഴയടച്ചാൽ തുക പരിക്കേറ്റ ബാലന് നൽകണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി.കെ.രാമചന്ദ്രൻ ഹാജരായി. മാങ്ങാട്ടിടം ആമ്പിലാട് കുറുമ്പുക്കൽ കനാൽകണ്ടി മുത്തപ്പൻ ക്ഷേത്രത്തിനു സമീപം കനാൽകരയിൽ 2008 ഫെബ്രുവരി 12-ന് വൈകീട്ട് ആറിനാണ് സംഭവം.

മാങ്ങാട്ടിടം കിണറ്റിന്റവിട തയ്യിൽ ഹൗസിൽ പുത്തലത്ത് വിനോദൻ (52), മാങ്ങാട്ടിടം പാറേമ്മൽ ഹൗസിൽ പള്ളിപിരിയത്ത് നിധീഷ് (32), മാങ്ങാട്ടിടം പാറക്കണ്ടി ഹൗസിൽ ഉച്ചുമ്മൽ രാമകൃഷ്ണൻ എന്ന രാമൻ (54), മാങ്ങാട്ടിടം പാർവതി ഹൗസിൽ പുത്തൻവീട്ടിൽ മാവില സജിൽ എന്ന സജിത്ത് (33), കിണറ്റിന്റവിട മഠത്തിൽ ഹൗസിൽ പുതിയേടത്ത് ബിജു (46), ആമ്പിലാട് വലംപിരി ഹൗസിൽ അതിർകുന്നേൽ പ്രജീഷ് (37), അതിർകുന്നേൽ സുബിൻ ലാൽ (37), ആമ്പിലാട് താരിപൊയിൽ ഹൗസിൽ പുന്നക്കൽ ദയാളൻ (47) എന്നിവരെയാണ് ശിക്ഷിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: