ആന്തൂരിൽ വിവരശേഖരണത്തിന് ഡ്രോൺ സർവേ തുടങ്ങി

ധർമശാല: ആന്തൂർ നഗരസഭയിലെ മുഴുവൻ ആസ്തികളും വിഭവങ്ങളും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി കണ്ടെത്തുന്നതിനുള്ള ഡ്രോൺ സർവേ തുടങ്ങി. ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

നഗരസഭയുടെ സുസ്ഥിരവികസനത്തിനും സ്ഥലപരമായ ആസൂത്രണത്തിനും സഹായകമാകുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. ആസ്തി രജിസ്റ്റർ പരിഷ്കരിക്കുന്നതിനോടൊപ്പം റോഡുകൾ നടപ്പാത, ഓവുചാൽ, വയലുകൾ, പാലങ്ങൾ തുടങ്ങിയവയുടെ പൂർണവിവരങ്ങൾ ചിത്രങ്ങൾ സഹിതം രേഖപ്പെടുത്തും എന്നത് സർവേയുടെ പ്രത്യേകതയാണ്. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിവശേഖരണം നടക്കുന്നത്.

ആന്തൂർ നഗരസഭ പരിധിയിലെ കൃത്യമായ വിവരങ്ങളുടെ പോരായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സഹകരണത്തോടെ സർവേ നടത്തുന്നത്. നഗരസഭാ വൈസ് ചെയർപേഴ്സൺ വി. സതീദേവി അധ്യക്ഷയായി. ഊരാളുങ്കൽ സൊസൈറ്റി പ്രോജക്ട് മാനേജർ ഇ.പി. പ്രണവ്, കോഓർഡിനേറ്റർ കെ. അമൽ, കെ.വി. പ്രേമരാജൻ, പി.കെ. മുഹമ്മദ് കുഞ്ഞി, എം. ആമിന തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: