കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാസ്‌ക് കർശനമാക്കി

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമാക്കിയതായി ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് അറിയിച്ചു. ഇതനുസരിച്ച്, ആശുപത്രിയിലെത്തുന്നവർ മാസ്‌ക് ധരിച്ചിരിക്കണം. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുകയും വേണം. ആശുപത്രിയിലെത്തുന്ന ആർക്കെങ്കിലും പുതിയ സാഹചര്യത്തിൽ കോവിഡ്ബാധയുണ്ടെങ്കിൽ, ആയത് രോഗികളേയും മറ്റുള്ളവരേയും പ്രതികൂലമായി ബാധിക്കുന്നത് തടയുന്നതിനും കോവിഡ് വ്യാപനം ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലിന്റേയും ഭാഗമായാണ് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ വീണ്ടും കർശനമാക്കുന്നതെന്നും സൂപ്രണ്ട് അറിയിച്ചു.

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാസൗജന്യം ലഭ്യമാകുന്നില്ലെന്ന പ്രചരണം അടിസ്ഥാനമുള്ളതല്ലെന്നും, ഇതര സർക്കാർ മെഡിക്കൽ കോളേജുകളിലെ ചികിത്സാസൗജന്യം ഇവിടേയും ലഭ്യമാണെന്നും ഡോ സുദീപ് അറിയിച്ചു. ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ വരുന്ന ലാബ് ടെസ്റ്റുകൾ ഉൾപ്പടെയുള്ളവയ്ക്ക് കുറഞ്ഞനിരക്ക് എല്ലായിടത്തുമെന്നതുപോലെ ഇവിടേയും ഈടാക്കുന്നുണ്ട്. സർക്കാർ വിതരണം ചെയ്യുന്ന മരുന്നുകൾ, വാർഡുകളിലെ രോഗികൾക്ക് സൗജന്യമായാണ് നൽകിവരുന്നത്. വിവിധ സർക്കാർ ചികിത്സാപദ്ധതികൾ പ്രകാരം ചികിത്സ നടത്തുന്നതിന് അതത് രോഗി/ കൂട്ടിരിപ്പുകാരാണ് അപേക്ഷിക്കേണ്ടത്. അങ്ങനെ അപേക്ഷിക്കുന്നമുറയ്ക്ക് ആശുപത്രി ഭാഗത്തുനിന്ന് തുടർനടപടി സ്വീകരിക്കുന്നുണ്ട്. ഒന്നിലേറെ അസുഖങ്ങളുമായി ചികിത്സ തേടുന്നവർക്ക്, ചികിത്സാപദ്ധതി പ്രകാരം ബ്ലോക്ക് ചെയ്ത അസുഖത്തിന് സർജറി/പ്രൊസീജർ നടത്തുംമുമ്പേ, അത്തരമാൾക്കുള്ള മറ്റ് അസുഖത്തിന് അടിയന്തിരസർജറി വേണ്ടിവരുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. ഇത്തരം ഘട്ടങ്ങളിൽ ചികിത്സാ പദ്ധതിയനുസരിച്ച് ബ്ലോക്ക് ചെയ്ത സ്‌കീം മാറ്റേണ്ടി വരുന്നതിന് ചെറിയ സമയമെടുക്കുന്നത് സ്വാഭാവികമാണ്. ആയത് ഇൻഷുറൻസ് കമ്പനിയെ ബോധ്യപ്പെടുത്തുന്നതിന് ആവശ്യമായിവരുന്ന സമയമാണെന്നത് മനസ്സിലാക്കണം.

സർക്കാർ സ്ഥാപനമായതോടെ ആശുപത്രിയിൽ ദിനേനയെത്തുന്ന രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനയാണ് ഉള്ളത്. ആശുപത്രി നവീകരണ പ്രവൃത്തികൾ നിർത്തിവെയ്ക്കാനും സാധിക്കില്ല. ഈ സാഹചര്യത്തിൽ വർദ്ധിച്ചുവരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉണ്ടാകുന്ന പ്രയാസം കണക്കിലെടുത്ത്, അടിയന്തിര പ്രാധാന്യം നൽകി നവീകരണ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: