വളപട്ടണത്തും കമ്പിലും മാരകമയക്കുമരുന്നുകൾ അടക്കം രണ്ട് പേരെ പിടികൂടി

കണ്ണൂർ: വളപട്ടണത്ത് 53 ഗ്രാം ബ്രൗൺഷുഗറുമായി ഒരാളെ പോലീസും, കമ്പിലിൽ ആംഫിറ്റമിൻ മയക്കുമരുന്നുമായി ഒരാളെ എക്സൈസും പിടികൂടി, പിടിച്ചെടുത്ത രണ്ട് മയക്കുമരുന്നുകളും മാരക സ്വഭാവമുള്ളവയാണെന്ന് പോലീസ്. മയക്ക്മരുന്ന് വിൽപ്പന സംഘത്തിലെ പ്രധാനകണ്ണിയായ വാരം തക്കാളിപ്പീടിക സ്വദേശി കെ.എം ഷമീം (40) ആണ് വളപട്ടണത്ത് പിടിയിലായത്. ജില്ലാ പോലീസ്മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ജില്ല ആന്റി നർക്കോട്ടിക്സ്ക്വാഡംഗങ്ങൾ നടത്തിയ അന്വേഷണമാണ് ഷമീമിന്റെ അറസ്റ്റിലേക്ക് വഴിതെളിയിച്ചത്. വളപട്ടണം റെയിൽവേസ്റ്റേഷനിൽ വിൽപ്പനക്കായി ബൗൺ ഷുഗറുമായെത്തിയപ്പോഴാണ് വളപട്ടണം സി.ഐ എം കൃഷ്ണൻ, അഡീ:എസ്.ഐ മോഹനൻ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത്. ബ്രൗൺഷുഗറിന് പുറമെ കുത്തിവെച്ച്കൊടുക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചുകളും ഷമീമിൽ നിന്ന് പിടിച്ചെടുത്തു. ലൈൻ – 4 വിഭാഗത്തിൽപ്പെട്ട ബ്രൗൺഷുഗറാണ് ഇയാളിൽ നിന്ന് പിടികൂ ടിയത്. ബ്രൗൺഷുഗറിൽ മാരക സ്വഭാവമുള്ള ലൈൻ – 4 ന് വിപണിയിൽ ആറ് ലക്ഷം രൂപയോളം വിലമതിക്കും. പുതുവൽസരാഘോഷങ്ങൾക്ക് വേണ്ടിയാണ് ബ്രൗൺഷുഗർ എത്തിച്ചതെന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തി. കേരള ആന്റി നർക്കോട്ടിക് സെപ്ഷ്യൽ ആക്ഷൻ ഫോഴ്സസ് അംഗങ്ങളായ എ.എസ്.ഐ മാരായ ടി.വി മഹിജൻ, രാജേഷ്, സി.പി.ഒ മാരായ സി അജിത്ത്, സി.പി മഹേഷ്, പി.സി മിഥുൻ, കെ.പി സുജിത്ത്, എ സുഭാഷ് എന്നിവരും ചേർന്നാണ് ഷമീമിനെ പിടികൂടിയത്. കമ്പിൽ ടൗണിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാരകലഹരിമരുന്നുകളുമായി യുവാക്കളെ കസ്റ്റഡിയിലെടുത്തു. കമ്പിൽ സ്വദേശി കക്കിരിച്ചാൽ ഹൗസിൽ കെ.ടി അൽത്താഫ് ( 29 ) ഉൾപ്പെടെ മൂന്നു പേരെയാണ് കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.കെ സതീഷ്കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കമ്പിൽ ടൗണിൽ കഴിഞ്ഞ ദിവസം രാത്രി 8: 30 ഓടെയാണ് യുവാക്കളെ പിടികൂടിയത്. ഇവരുടെ കയ്യിൽനിന്ന് മാരകമയക്കുമരുന്നായ ആംഫിറ്റമിൻ എക്സൈസ് കണ്ടെടുത്തിട്ടുണ്ട്. വൻതോതിൽ മയക്കുമരുന്ന് എത്തിച്ച് കുട്ടികൾക്ക് ഉൾപ്പെടെ വിൽപ്പന നടത്തന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ എന്ന് കരുതുന്ന പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള 12 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ രക്ഷിതാക്കളെ എക്സൈസ് വിവരമറി യിച്ചിട്ടുണ്ട്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: