ഗ്രാമപഞ്ചായത്തുകളിൽ അനധികൃത പരസ്യ ബോർഡും ബാനറുകളും  നിരോധിക്കാൻ നിർദ്ദേശം

ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പൊതുനിരത്തുകളിൽ അനധികൃത പരസ്യബോർഡുകൾ, ഹോർഡിംഗുകൾ, ബാനറുകൾ, കൊടികൾ എന്നിവ സ്ഥാപിക്കുന്നത് കർശനമായി നിരോധിക്കാനും ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനും പഞ്ചായത്ത് വകുപ്പ് നിർദ്ദേശം നൽകി. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ പൊതുനിരത്തുകളിൽ അനധികൃതമായും അപകടകരമായും സ്ഥാപിച്ചിരുന്ന പരസ്യബോർഡുകൾ നീക്കം ചെയ്തിരുന്നെങ്കിലും വീണ്ടും സ്ഥാപിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നിർദ്ദേശം. ബോർഡുകൾ വീണ്ടും സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ അവ നീക്കം ചെയ്ത ശേഷം വിശദാംശങ്ങൾ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷൻ എസ്. എച്ച്. ഒയെ അറിയിക്കണം. പരസ്യബോർഡ് നീക്കം ചെയ്യുന്നതിന്റെ ചെലവും ഫൈനും ബന്ധപ്പെട്ടവരിൽ നിന്ന് നിയമാനുസൃതം ഈടാക്കണം.

ഇവ നീക്കം ചെയ്തതിന്റെ വസ്തുതാ റിപ്പോർട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ 29ന് വൈകുന്നേരം മൂന്നിനകം  directorpanchayatcsection@gmail.com  ൽ അറിയിക്കണം. അനധികൃതമായും അപകടകരമായും ബോർഡുകളും ഹോർഡിംഗുകളും സ്ഥാപിച്ചിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ നേരിട്ട് പരിശോധിച്ച് ഉറപ്പ് വരുത്തണം. അനധികൃത ബോർഡുകൾ ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഹൈക്കോടതി നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർമാരും അനധികൃത ബോർഡുകൾ സംബന്ധിച്ച് പരിശോധന നടത്തി വിവരം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കണം.

അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതിന് നിയമിച്ചിട്ടുള്ള ജില്ലാതല നോഡൽ ഓഫീസർമാർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ മുഖേന ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകണം. പഞ്ചായത്ത് പരിധിയിലെ പൊതുനിരത്തുകളിൽ ഹോർഡിംഗുകളും ബാനറുകളും സ്ഥാപിക്കാൻ അനുമതി നൽകുമ്പോൾ ഇതിനായി നേരത്തെ നൽകിയ സർക്കുലറിലെ നിർദ്ദേശം കർശനമായി പാലിക്കണം. ഇവ പൂർണമായി നീക്കം ചെയ്തിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ പരിശോധിച്ച് ഉറപ്പുവരുത്താനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: