നവകേരള സൃഷ്ടിക്ക് പ്രചോദനമേകി 71കാരന്റെ  ഹാഫ് മാരത്തൺ കണ്ണൂരിലെത്തി

പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിന് പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ സഹായം തേടി 71കാരനായ പ്രവാസി ഗണിതശാസ്ത്രജ്ഞന്റെ ഹാഫ് മാരത്തൺ കണ്ണൂരിലെത്തി. കാനഡയിലും അമേരിക്കയിലുമായി പ്രവാസ ജീവിതം നയിക്കുന്ന ഡോ. ജോർജ് തോമസ് തിരുവനന്തപുരത്തു നിന്ന് കാസർക്കോട്ടേക്ക് നടത്തുന്ന മാരത്തണിന്റെ ഭാഗമായാണ് അദ്ദേഹം കണ്ണൂരിലെത്തിയത്.

ഗണിത ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുന്ന പദ്ധതിയുടെ ഭാഗമായി ചൈനയിലെ ഷാങ്ഹായിലുള്ള സമയത്താണ് കേരളത്തെ പിടിച്ചുകിലുക്കിയ പ്രളയത്തിന്റെ വാർത്ത കേൾക്കുന്നതെന്ന് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. അമ്പത് വർഷമായി പ്രവാസ ജീവിതം നയിക്കുന്ന വ്യക്തിയാണെങ്കിലും ജൻമനാടിന്റെ വേദനയിൽ പങ്കുചേരണമെന്ന ചിന്തയുണ്ടായി. ഇതേത്തുടർന്നാണ് പ്രവാസികൾക്ക് പ്രചോദനമാവാൻ മാരത്തൺ നടത്താൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളിൽ കഴിയുന്ന മലയാളികൾക്ക് പ്രളയാനന്തര കേരളത്തിന്റെ പുനർനിർമിതിയിൽ വലിയ ഉത്തരവാദിത്തമുണ്ട്. നമുക്ക് ജൻമം നൽകുകയും വിദ്യാഭ്യാസം ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കിത്തരികയും ചെയ്ത നാടിനോടുള്ള കടമ എന്തുപകരം നൽകിയാലും തീരില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ സഹായം നൽകാത്ത പ്രവാസികൾക്ക് അതു നൽകാനും നേരത്തേ നൽകിയവർ കൂടുതൽ സംഭാവന ചെയ്യാനുമുള്ള പ്രചോദനമെന്ന രീതിയിലാണ് തന്റെ ഓട്ടമെന്നും അദ്ദേഹം പറഞ്ഞു.

നവംബർ ഏഴിന് തിരുവനന്തപുരത്തു വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് മാരത്തൺ ഫ്‌ളാഗ് ഓഫ് ചെയ്തത്. 22 ദിവസത്തെ യാത്രയ്ക്കു ശേഷം ഇന്നലെ കണ്ണൂരിലെത്തിയ അദ്ദേഹം, ഇന്നു രാവിലെ കാസർക്കോട്ടേക്ക് തിരിക്കും. ദിവസവും രാവിലെ മൂന്നര മണിക്കൂർ വീതം ഓടി ഇവിടെയെത്തിയ ഡോ. ജോർജ് തോമസ്, അടുത്ത ആറു ദിവസം കൊണ്ട് കർണാടക അതിർത്തിയിലെത്താനാണ് ലക്ഷ്യമിടുന്നത്. ഓട്ടത്തിനിടയിലും വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ഉച്ചക്കു ശേഷം വിദ്യാർഥികൾക്ക് സോക്രാറ്റിക് പഠന രീതിയെ കുറിച്ച് ക്ലാസ്സെടുക്കുകയും ചെയ്യുന്നുണ്ട്. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലും വിദ്യാർഥികളുമായി സംവദിക്കാൻ അവസരം ലഭിച്ചതായി  അദ്ദേഹം പറഞ്ഞു.

അമേരിക്കയിലും ചൈനയിലും ഗവേഷണ ഗണിത ശാസ്ത്രജ്ഞനായി ജോലി ചെയ്യുന്ന ഡോ. ജോർജ് തോമസ് ഒട്ടേറെ ഗണിത ശാസ്ത്ര പ്രതിഭകളെ വളർത്തിയെടുത്തിട്ടുണ്ട്. കേരളത്തിൽ ഗണിതശാസ്ത്രത്തിന്റെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി കുരുന്നു പ്രതിഭകളെ കണ്ടെത്തി മികച്ച പരിശീലനം നൽകുന്ന പദ്ധതിയും ലക്ഷ്യമിടുന്നുണ്ട്. പത്തനംതിട്ട കടമ്പനാട് സ്വദേശിയാണ് തന്റെ ഗ്രാമത്തിലെ കുട്ടികൾക്കായി പാർക്ക് നിർമിക്കുന്നതിന് 20 സെന്റ് സ്ഥലം വിട്ടുനൽകിയ ശേഷമാണ് ഹാഫ് മാരത്തണിന് തുടക്കം കുറിച്ചത്.

പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി 2008-ൽ കന്യാകുമാരി മുതൽ കൊല്ലൂർ മൂകാംബിക വരെ ഇദ്ദേഹം ഓടിയിരുന്നു. 2011ൽ എൻഡോസൾഫാൻ ദുരിത ബോധവൽക്കരണത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നിന്ന് കോട്ടയം വരെ 53 കിലോമീറ്റർ നിർത്താതെ ഓടി വാർത്തയിൽ ഇടംപിടിച്ചിരുന്നു. പ്രളയാനന്തര കേരളത്തെ കരകയറ്റാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് https://donation.cmdrf.kerala.gov.in എന്ന ലിങ്ക് വഴി പരമാവധി സംഭാവനകൾ നൽകണമെന്നാണ് 71കാരനായ ഈ ഗണിതശാസ്ത്രജ്ഞന്റെ അഭ്യർഥന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: