അജൈവ ഖരമാലിന്യ സംസ്‌കരണ രംഗത്ത് കണ്ണൂര്‍ മുന്നില്‍

സംസ്ഥാനത്ത് അജൈവ ഖരമാലിന്യ സംസ്‌കരണ രംഗത്ത് കണ്ണൂര്‍ ജില്ല മുന്നില്‍. 5454.84 ടണ്‍ മാലിന്യമാണ് ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ ജില്ലയില്‍ നിന്ന് ക്ലീന്‍ കേരള കമ്പനി ശേഖരിച്ചത്. പുനരുപയോഗിക്കാവുന്ന അജൈവ മാലിന്യം, കുപ്പിച്ചില്ലുകള്‍, തുണിത്തരങ്ങള്‍ എന്നിവ കൂടുതല്‍ ശേഖരിച്ചതും കണ്ണൂരില്‍ നിന്നാണ്.
ജില്ലയിലെ 68 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി വീടുകളിലെ മാലിന്യം ഹരിത കര്‍മ്മ സേനയെ ഉപയോഗിച്ചാണ് ശേഖരിക്കുന്നത്. ഈ വര്‍ഷം പുനരുപയോഗ സാധ്യതയുള്ള തരം തിരിച്ച പ്ലാസ്റ്റിക്ക് 1917 ടണ്‍, ചെരുപ്പ്, ബാഗ് തുടങ്ങിയവ ഉള്‍പ്പെടുന്ന റിജക്റ്റ്ഡ് മാലിന്യം 2796 ടണ്‍, കുപ്പിച്ചില്ലുകള്‍ 594.41 ടണ്‍, തുണിത്തരങ്ങള്‍ 121.62, ഇലക്ട്രോണിക് മാലിന്യം 25.81 ടണ്‍ എന്നിങ്ങനെയാണ് ശേഖരിച്ചത്. സംസ്ഥാനത്ത് ഖരമാലിന്യ ശേഖരണത്തിന് ഏറ്റവും കൂടുതല്‍ തുക ക്ലീന്‍ കേരള നല്‍കിയത് കണ്ണൂര്‍ ജില്ലയിലെ ഹരിത കര്‍മ്മ സേനക്കാണെന്ന് കമ്പനി ജില്ലാ മാനേജര്‍ ആശംസ് ഫിലിപ്പ് പറഞ്ഞു.
പുനരുപയോഗിക്കാനാകുന്നവ തമിഴ്നാട് ഈറോഡിലുള്ള റീസൈക്ലിംഗ് കമ്പനിയിലേക്ക് കയറ്റി അയക്കും.
പുനരുപയോഗിക്കാന്‍ സാധിക്കാത്തത് സിമന്റ് കമ്പനികള്‍ക്കാണ് കൈമാറുക. ഇവ സിമന്റ് നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുവായി ഉപയോഗിക്കും. കുപ്പിച്ചില്ലുകള്‍ തമിഴ്‌നാട്, പോണ്ടിച്ചേരി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സ്ഥലങ്ങളിലെ ഗ്ലാസ് കമ്പനികള്‍ക്കും തുണിത്തരങ്ങള്‍ ചവിട്ടി പോലുള്ള ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ ഗുജറാത്തിലേക്കുമാണ് കയറ്റി അയക്കുന്നത്. ഇലക്ട്രോണിക് മാലിന്യങ്ങളില്‍ വീണ്ടും ഉപയോഗിക്കാവുന്ന ഭാഗങ്ങള്‍ ഉപയോഗിച്ച് രണ്ടാം തരം ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കും. ബാക്കിയുള്ളവ തിരുവനന്തപുരത്ത് നിന്നും തരം തിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: