നിശ്ചിത സമയത്ത് പ്രവൃത്തി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി റോഷി അഗസ്റ്റിന്‍

ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവൃത്തി നിശ്ചിത കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജലജീവന്‍ മിഷന്‍ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വകുപ്പ് തലത്തിൽ  പ്രവൃത്തി പരിശോധിച്ച് വര്‍ക്ക് ചാര്‍ട്ട് തയ്യാറാക്കണം. വീഴ്ച വരുത്തുന്ന കരാറുകാര്‍ക്കെതിരെ നടപടി ശക്തമാക്കണം. പദ്ധതിക്കായി സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച്   ഭൂമിയുടെ ഫെയര്‍  വിപണി മൂല്യത്തോടൊപ്പം വിപണി മൂല്യം കൂടി പരിഗണിച്ചു വില നിശ്ചയിക്കുന്ന കാര്യത്തിൽ  ജില്ലാ കലക്ടര്‍ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാത അതോറിറ്റി, പൊതുമരാമത്ത്, കെ എസ് ടി പി ഉള്‍പ്പെടെയുള്ള റോഡുകളിലൂടെ കണക്ഷൻ നൽകേണ്ട വിഷയങ്ങളിൽ  13 എണ്ണത്തില്‍ അഞ്ചെണ്ണത്തിന് അനുമതി നല്‍കി. ബാക്കിയുള്ള എട്ട്  പ്രവൃത്തികൾ  സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കും. റെയില്‍വെയുമായി ബന്ധപ്പെട്ട പ്രശനങ്ങളും ഇത്തരത്തില്‍ പരിശോധിക്കും. കുടിവെള്ള പ്രശ്‌നം നാട്ടിലെ ഏറ്റവും വലിയ പൊതു പ്രശ്‌നമെന്ന രീതിയില്‍ പഞ്ചായത്തുകളും ഉദ്യോഗസ്ഥരും ഇടപെടണമെന്നും മന്ത്രി പറഞ്ഞു. കുടിവെള്ള കണക്ഷനുകള്‍ പൂര്‍ത്തിയാക്കിയ പഞ്ചായത്തുകള്‍ നിലവിലെ അപേക്ഷകള്‍ സമ്പൂര്‍ണമായും ഏറ്റെടുത്ത ശേഷം മാത്രമേ പുതിയ കണക്ഷനുകള്‍ പരിഗണിക്കേണ്ടതുള്ളൂ. ജലവിതരണ പൈപ്പുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പരിശോധന നടത്തും. ചിലയിടങ്ങളില്‍ വെള്ളം ഉപയോഗിക്കാതെയും വലിയ തുക ബില്‍ വരുന്നതും പ്രത്യേകം പരിശോധിക്കും.
നിയോജക മണ്ഡലം തലത്തില്‍ ജലജീവന്‍ മിഷന്‍ അവലോകന യോഗങ്ങള്‍ നടത്തണം. ഓരോ നിയോജക മണ്ഡലത്തിലും നിയോഗിക്കപ്പെട്ട അസി.എക്‌സി.എഞ്ചിനീയര്‍മാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നവംബര്‍ ഏഴിനകം എംഎല്‍എമാര്‍ക്ക് നല്‍കണം. എം എല്‍ എ മാരുടെ നേതൃത്വത്തില്‍ നവംബര്‍ 20 നകം അവലോകനം നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം  ഡിസംബര്‍ ആദ്യവാരം നടക്കും. ഡിസംബര്‍ അവസാനത്തോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും. ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാവുന്ന എല്ലാ സാധ്യതകളും പരിശോധിച്ച് പ്രവൃത്തി വേഗത്തിലാക്കാന്‍ പഞ്ചായത്ത് ഭരണസമിതികളും ഉദ്യോഗസ്ഥരും ഗൗരവത്തോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍  പറഞ്ഞു.

ആകെയുള്ള 4.4 ലക്ഷം ഗ്രാമീണ വീടുകളില്‍ 3.60 ലക്ഷം ഗ്രാമീണ വീടുകളിലാണ് ജലജീവന്‍ മിഷന്‍ കണക്ഷനുകള്‍ നല്‍കേണ്ടത്. പദ്ധതി ആരംഭിച്ച ശേഷം 1.26 ലക്ഷം കണക്ഷനുകളാണ് നല്‍കിയത്. 2.34 ലക്ഷം കണക്ഷനുകള്‍ കൂടി നല്‍കേണ്ടതുണ്ട്. 3342.81 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.
യോഗത്തില്‍ എം എല്‍ എ മാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ്, ടി ഐ മധുസൂദനന്‍, എം വിജിന്‍, കെ പി മോഹനന്‍, സണ്ണി ജോസഫ്, കേരള വാട്ടര്‍ അതോറിറ്റി എം ഡി വെങ്കിടേശപതി, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഡി ആര്‍ മേഘശ്രീ, കേരള വാട്ടര്‍ അതോറിറ്റി (കോഴിക്കോട്) സി ഇ ലീനകുമാരി, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: