ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകള്‍ ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍ കയര്‍ പ്രോജക്ടിന് കീഴിലുള്ള പയ്യന്നൂര്‍ കയര്‍ വ്യവസായ സഹകരണ സംഘത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച എട്ട് ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകളുടെ പ്രവര്‍ത്തനോദ്ഘാടനം കയര്‍ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് നിര്‍വഹിച്ചു. കേരളത്തിന്റെ കയര്‍ വ്യവസായ മേഖലയെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളില്‍ തൊഴിലാളികളും സംഘം ഭരണസമിതികളും പൂര്‍ണ മനസ്സോടെ പങ്കുകൊള്ളുന്നു എന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 7000 ടണ്‍ ആയിരുന്നു സംസ്ഥാനത്തെ കയറുല്‍പാദനം. ഇന്നത് 20000 ടണ്ണാക്കി ഉയര്‍ത്താനായി. 40000 ടണ്‍ എന്ന വാര്‍ഷിക ഉല്പാദന ലക്ഷ്യത്തിലേക്കു കയര്‍പിരി മേഖലയെ എത്തിക്കാനാണ് മികച്ച ഉല്പാദന ക്ഷമതയുള്ള എസ് എം മെഷീനുകള്‍ സഹകരണ സംഘങ്ങളില്‍ സ്ഥാപിക്കുന്നത്. ഉല്പാദന മികവ് കൈവരിക്കുന്നതോടൊപ്പം ഇതുവഴി തൊഴിലാളികള്‍ക്ക് പ്രതിദിനം 500 രൂപയെങ്കിലും കൂലി ഉറപ്പാക്കാനുമാവും. 

സര്‍ക്കാര്‍ കയര്‍ വികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന രണ്ടാം കയര്‍ പുനസംഘടനയുടെ ഭാഗമായി 1000 ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകള്‍  2020 നവംബറോടെ 100 കയര്‍ സംഘങ്ങളില്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പയ്യന്നൂര്‍ സംഘത്തിന് മെഷീനുകള്‍ ലഭിച്ചത്. പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനിയാണ് മികച്ച ഉല്പാദന ക്ഷമതയും നൂതന സാങ്കേതിക വിദ്യയിലുള്ളതുമായ മെഷീനുകള്‍ നിര്‍മ്മിച്ചു വിതരണം ചെയ്യുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ ചടങ്ങില്‍ സി കൃഷ്ണന്‍ എം എല്‍ അധ്യക്ഷനായി. പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശി വട്ടകൊവ്വല്‍  സ്വിച് ഓണ്‍ കര്‍മ്മം  നിര്‍വഹിച്ചു. കയര്‍ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പത്മകുമാര്‍ കുമാര്‍, കയര്‍ ഡയറക്ടറുടെ ചുമതല വഹിക്കുന്ന കെ എസ് പ്രദീപ്കുമാര്‍ 
കണ്ണൂര്‍ കയര്‍ പ്രൊജക്റ്റ് ഓഫീസര്‍ പി വി രവീന്ദ്രകുമാര്‍, കയര്‍ഫെഡ് ചെയര്‍മാന്‍ അഡ്വ. സായികുമാര്‍,  കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനി ചെയര്‍മാന്‍ കെ പ്രസാദ്, എം ഡി പിവി ശശീന്ദ്രന്‍, എന്‍സിആര്‍എംഐ ഡയറക്ടര്‍ ഡോ. കെ ആര്‍ അനില്‍, നഗരസഭാ കൗണ്‍സിലര്‍ പി വി ദാസന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ തോമസ് ജോണ്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍, ടി ശിവശങ്കരന്‍, കയര്‍ ഇന്‍സ്പെക്ടര്‍ മഞ്ജുഷ ശ്രീധര്‍ സംഘം പ്രസിഡന്റ് എം സഞ്ജീവന്‍ സെക്രട്ടറി കെ വി ശാന്ത തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: