കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം എല്‍.ഡി.എഫ് പൂര്‍ത്തീകരിച്ചു. ആകെയുള്ള 24 ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളില്‍ സി.പി.ഐ.(എം)-15

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം എല്‍.ഡി.എഫ് പൂര്‍ത്തീകരിച്ചു. ആകെയുള്ള 24 ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളില്‍ സി.പി.ഐ.(എം)-15, സി.പി.ഐ-3, കേരള കോണ്‍ഗ്രസ്സ് (എം)-1, ലോക്താന്ത്രിക് ജനതാദള്‍-1, എന്‍.സി.പി-1, ഐ.എന്‍.എല്‍-1, ജനതാദള്‍(എസ്)-1, കോണ്‍ഗ്രസ്സ് (എസ്സ്)-1 എന്നിങ്ങനെയാണ് മത്സരിക്കുക.
കരിവെള്ളൂര്‍, തില്ലങ്കേരി, പാട്യം, പന്ന്യന്നൂര്‍, കതിരൂര്‍, പിണറായി, വേങ്ങാട്, ചെമ്പിലോട്, മയ്യില്‍, അഴീക്കോട്, കല്യാശ്ശേരി, ചെറുകുന്ന്, കുഞ്ഞിമംഗലം, പരിയാരം, കടന്നപ്പള്ളി മണ്ഡലങ്ങളില്‍ സി.പി.ഐ(എം) സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. കോളയാട്, കൂടാളി, ഉളിക്കല്‍ സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. ആലക്കോട് മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് (എം) ഉം കൊളവല്ലൂര്‍- ലോക്താന്ത്രിക് ജനതാദള്‍, പേരാവൂര്‍- എന്‍.സി.പി, കൊളച്ചേരി-ഐ.എന്‍.എല്‍, പയ്യാവൂര്‍-ജനതാദള്‍ സെക്കുലര്‍, നടുവില്‍-കോണ്‍ഗ്രസ്സ് (എസ്) എന്നിങ്ങനെയാണ് മത്സരിക്കുക.
2020 ഒക്ടോബര്‍ 28 ന് എം.വി ജയരാജന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗമാണ് ഓരോ കക്ഷികളും മത്സരിക്കേണ്ട സീറ്റുകള്‍ സംബന്ധിച്ച തീരുമാനം എടുത്തത്. കണ്‍വീനര്‍ കെ.പി സഹദേവന്‍ സ്വാഗതം പറഞ്ഞു.
ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും, കണ്ണൂര്‍ കോര്‍പ്പറേഷനിലും സീറ്റ് വിഭജന ചര്‍ച്ച ഏതാണ്ട് പൂര്‍ത്തിയായി വരുന്നുണ്ട്.
ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തലങ്ങളിലും എല്ലാ വാര്‍ഡ്-ഡിവിഷനുകളിലും നവംബര്‍ 7 നകം തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപീകരിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരിക്കും യോഗങ്ങള്‍ നടക്കുക.
ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നല്ല വിജയം നേടും. 2015 നെക്കാള്‍ വോട്ടും സീറ്റും തദ്ദേശ സ്ഥാപനങ്ങളും എല്‍.ഡി.എഫ് കരസ്ഥമാക്കും. വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ മാതൃകാപരമാണ്. ജില്ലയില്‍ എല്‍.ഡി.എഫ് ഭരിക്കുന്ന 30 തദ്ദേശ സ്ഥാപനങ്ങള്‍ ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും, മാധ്യമ അവാര്‍ഡുകളും കരസ്ഥമാക്കുകയുണ്ടായി. ഈ വികസന മുന്നേറ്റത്തിന് തുടര്‍ച്ച വേണമെങ്കില്‍ എല്‍.ഡി.എഫ് നിയന്ത്രണത്തിലുള്ള ഭരണസമിതികള്‍ തന്നെ തദ്ദേശ സ്ഥാപനങ്ങളില്‍ അധികാരത്തിലെത്തണം. അതാണ് വികസന തല്‍പ്പരരായ ജനങ്ങളുടെ ആഗ്രഹം.
വര്‍ഗ്ഗീയതയ്ക്കും ആഗോള വല്‍ക്കരണത്തിനുമെതിരെ ജനപക്ഷ വികസന കാഴ്ചപ്പാടുയര്‍ത്തിപ്പിടിക്കുന്ന എല്‍.ഡിഎഫിന്‍റെ വിജയത്തിനു വേണ്ടി എല്ലാവരുടെയും പിന്തുണയുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. യോഗത്തില്‍ അഡ്വ. പി സന്തോഷ്കുമാര്‍, സി രവീന്ദ്രന്‍, പി ടി ജോസ്, വി കെ ഗിരിജന്‍, കെ കെ രാജന്‍, മഹമ്മൂദ് പറക്കാട്ട്, പി പി ദിവാകരന്‍, കെ കെ ജയപ്രകാശ്, അഡ്വ. എ ജെ ജോസഫ്, ജോസ് ചെമ്പേരി, ജോയി കൊന്നക്കല്‍, കെ സി ജേക്കബ് മാസ്റ്റര്‍, വി രാജേഷ് പ്രേം, ജോജി അനത്തോട്ടം, എം പ്രഭാകരന്‍, സിറാജ് തയ്യില്‍, സജി കുറ്റ്യാനിമറ്റം, രതീഷ് ചിറക്കല്‍, കെ മനോജ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: