വിശ്വാസികളെ തെരുവിലിറക്കി കലാപം സൃഷ്ടിക്കുവാൻ സംഘപരിവാർ ശ്രമം: തുളസീധരൻ പള്ളിക്കൽ

കണ്ണൂർ: ശബരിമല വിഷയത്തിൽ വിശ്വാസികളെ തെരുവിലിറക്കി കലാപം സൃഷ്ടിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്താനാണ് സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നതെന്ന് SDPI സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ പറഞ്ഞു. കണ്ണൂർ സ്റ്റേഡിയം കോർണറിൽ SDPI കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “ഭരണഘടന സംരക്ഷണ സംഗമം” ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ കലാപ ഭൂമിയാക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്, ഇവിടെയുള്ള മതേതര ബോധവും സൗഹാർദ്ധവും തകർക്കപ്പെട്ടാലേ ആർ.എസ്.എസ്സിന് സ്വാധീനം ഉണ്ടാക്കാൻ കഴിയൂ. അതിനായി ഭക്തരെ തെറ്റിദ്ധരിപ്പിച്ചും, കബളിപ്പിച്ചും രാഷ്ട്രീയം കളിക്കുകയാണ് സംഘപരിവാർ. എന്നാൽ കേരളത്തിൻറെ മതേതര മനസ്സിനെ തകർക്കാൻ ഒരു ശക്തിക്കും സാധ്യമല്ല. സംഘപരിവാറിൻറെ രാഷ്ട്രീയ കുതന്ത്രങ്ങളെ തിരിച്ചറിയാനും, പിഴുത്തറിയാനും കരുത്തുള്ളവരാണ് കേരള ജനത.

ഈ മാസം ആദ്യത്തിൽ പത്തനംതിട്ടയിലെ കുമ്പഴയിൽ സംഘടിപ്പിച്ച സമരത്തിൽ ഭരണഘടന കത്തിക്കാൻ ആഹ്വാനം ചെയ്യുകയായിരുന്നു സംഘ്പരിവാര നേതാവ്. ഐതിഹാസികമായ സമര പോരാട്ടങ്ങളിലൂടെ മനുഷ്യരാശി ആർജിച്ചെടുത്ത മുഴുവൻ മനുഷ്യാവകാശങ്ങളേയും ഉറപ്പ് വരുത്തുന്നതാണ് ലോകോത്തരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ ഭരണഘടന. ഏകശിലാ രൂപിയായ മനുവാദ സംസ്‌കാരം ഇന്ത്യയിൽ അടിച്ചേൽപ്പിക്കുന്നതിന് ഫാഷിസ്റ്റുകൾക്ക് തടസ്സമായി നിൽക്കുന്നത് ഇന്ത്യൻ‍ ഭരണഘടനയാണ്. ഭരണഘടനക്കെതിരായ സംഘ്പരിവാറിൻറെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണം ഭരണഘടനാ രൂപീകരണ ഘട്ടം മുതൽ‍ ആരംഭിച്ചതാണ്. ഭരണഘടനയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്നവരാണ് മലയാളികളെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയ്ക്കെതിരായുള്ള സംഘപരിവാർ അജണ്ടക്കെതിരെ ഭരണഘടന ഉയർത്തി പിടിച്ച്‌ അതി ശക്തമായ ചെറുത്തു നിൽപ്പ് SDPI നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

SDPI ജില്ലാ പ്രസിഡണ്ട് ബഷീർ പുന്നാട് അധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് സ്വാഗതവും കണ്ണൂർ മണ്ഡലം പ്രസിഡണ്ട് ശംസുദ്ധീൻ മൗലവി നന്ദിയും പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് എ.സി. ജലാലുദ്ധീൻ, ജില്ലാ സെക്രട്ടറി പി.ടി.വി. ശംശീർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സജീർ കീച്ചേരി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: