കാടുകയറി നടപ്പാത: കാല്‍നടയാത്ര ദുരിതം

കണ്ണൂര്‍: കോടികള്‍ മുടക്കി റോഡ് നിര്‍മ്മിക്കുമ്പോൾ നടപ്പാതയും നിര്‍മിക്കാറുണ്ട്. കാല്‍നടയാത്രക്കാര്‍ക്ക് ഉപകാരപ്പെടാനായി നിര്‍മിക്കുന്ന ഇത്തരം നടപ്പാതകള്‍ ചിലപ്പോള്‍ ദുരിതമാവാറുണ്ട്. അത്തരം ഒരുനടപ്പാത കാണണമെങ്കില്‍ കണ്ണൂര്‍ ടൗണിലേക്ക് വന്നാല്‍ മതി.
താവക്കര ബസ് സ്റ്റാന്‍ഡില്‍നിന്ന്‌ സ്റ്റേറ്റ് ബാങ്കിലേക്ക് പോകുന്ന റോഡരികിലെ നടപ്പാതയിലാണ് ഇരുവശവും കാട് വളര്‍ന്നുനില്‍ക്കുന്നത്. ഇതുകാരണം ഒരേ സമയം രണ്ടുപേര്‍ക്ക് നടപ്പാതവഴി നടന്നുപോകാന്‍ സാധ്യമല്ല. നേരമിരുട്ടിയാല്‍ ഇഴജന്തുക്കളെയും മറ്റും ഭയന്നാണ് കാല്‍നടയാത്രക്കാര്‍ ഇതുവഴി സഞ്ചരിക്കുന്നത്. എല്ലാ സമയവും തിരക്കേറിയ റോഡാണിത്.
റോഡരികില്‍ സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനാല്‍ റോഡരിക് ചേര്‍ന്ന് നടക്കുക പ്രയാസമാണ്. ചീറിപ്പാഞ്ഞ് വരുന്ന വാഹനങ്ങളെ ഭയക്കാതെ സഞ്ചരിക്കണമെങ്കില്‍ നടപ്പാത കൂടിയേ തീരൂ. നടപ്പാതയില്‍ വളര്‍ന്ന കാട് വെട്ടിത്തെളിച്ച്‌ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണമെന്ന ആവശ്യമാണുയരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: