രജിസ്‌ട്രേഷന്‍ തട്ടിപ്പ്: അമലാ പോളിനും ഫഹദിനുമെതിരെയുള്ള കേസ് പിന്‍വലിക്കും, സുരേഷ് ഗോപിക്കെതിരെ തുടരും

കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയില്‍ താമസിക്കുന്നതായി രേഖയുണ്ടാക്കി ആഢംബരവാഹനം രജിസ്റ്റര്‍ ചെയ്തുവെന്ന മലയാളി സിനിമാതാരങ്ങള്‍ക്കെതിരെയുള്ള ക്രൈം ബ്രാഞ്ച് അന്വേഷത്തില്‍ വഴിത്തിരിവ്. സിനിമാതാരങ്ങളായ അമല പോള്‍,ഫഹദ് ഫാസില്‍, സുരേഷ് ഗോപി തുടങ്ങിയ പ്രശസ്ത താരങ്ങള്‍ക്കെതിരെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നത്. എന്നാല്‍ ഇതില്‍ അമല പോളിനും ഫഹദ് ഫാസിലിനുമെതിരെയുള്ള കേസ് പിന്‍വലിക്കാനാണ് ഇപ്പോള്‍ നീക്കം. ഇതു സംബന്ധിച്ച്‌ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി.പുതുച്ചേരിയിലെ തിലാസപ്പെട്ടില്‍ വാടകയ്ക്കു താമസിച്ചെന്ന വ്യാജരേഖ ഉപയോഗിച്ചാണ് അമലാ പോള്‍ തന്റെ ബെന്‍സ് കാര്‍ റജിസ്റ്റര്‍ ചെയ്തതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ കേസ് കേരളത്തില്‍ നിലനില്‍ക്കില്ലെന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഈ കേസ് സംബന്ധിച്ച്‌ നടപടി എടുക്കുന്നതിനായി പോണ്ടിച്ചേരി ഗതാഗത വകുപ്പിന് കത്തു നല്‍കിയതായും കോടതിയെ ക്രൈം ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. അതേ സമയം തെറ്റ് ബോദ്ധ്യമായി പിഴയടച്ചതോടെയാണ് ഫഹദ് ഫാസിലിനെ കേസില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചത്. പത്തൊന്‍പത് ലക്ഷമാണ് ഫഹദ് പിഴയായി ഒടുക്കിയത്. ഡീലര്‍മാരാണ് വാഹനം എത്തിച്ചതെന്നാണ് പൊലീസിന് മുന്നില്‍ ഫഹദ് നല്‍കിയിരുന്ന മൊഴി. എന്നാല്‍ സുരേഷ് ഗോപിക്കെതിരായ കേസ് അന്വേഷണം തുടരാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം അമല പോള്‍ കേരളത്തില്‍ കൊണ്ടുവന്ന് ഉപയോഗിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഒരു കോടി പന്ത്രണ്ട് ലക്ഷത്തിനടുത്ത് വിലവരുന്ന ബെന്‍സ് എ ക്ലാസ് കാറാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഈ കാര്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നെങ്കില്‍ ഇരുപത് ലക്ഷത്തോളം നികുതി നല്‍കണമായിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയില്‍ വെറും ഒന്നേകാല്‍ ലക്ഷം രൂപ അടച്ചാല്‍ മതി. ഏറെ നാളായി പോണ്ടിച്ചേരിയിലാണ് അമല പോള്‍ താമസിക്കുന്നത്. എന്നാല്‍ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യാജമായുണ്ടാക്കിയ രേഖയിലൂടെയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: