ക്രഷറിൽനിന്ന് മലിനജലമൊഴുക്കി; പ്രതിഷേധവുമായി നാട്ടുകാർ

ക്രഷറിൽനിന്ന് മലിനജലമൊഴുക്കുന്നതിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ. ചേപ്പറമ്പിലെ ക്രഷറിൽനിന്നാണ് എം സാൻഡ്‌ കലർന്ന മലിനജലം തോട്ടിലേക്കൊഴുക്കുന്നത്.രണ്ടുവർഷം മുൻപ് ഇത്തരത്തിൽ മലിനജലം ഒഴുക്കുന്നതിനെതിരേ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് എം സാൻഡ്‌ കഴുകിയുണ്ടാകുന്ന മാലിന്യം ഉണക്കി സൂക്ഷിക്കുകയും ശുദ്ധീകരിച്ച വെള്ളം മാത്രം തോടിലൂടെ ഒഴുക്കാൻ ധാരണയാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതെല്ലാം അവഗണിച്ചാണ് വീണ്ടും രാസവസ്തു കലർന്ന മലിനജലം ഒഴുക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. തോട് കടന്നുപോകുന്ന കരയത്തുംചാൽ, കോറങ്ങോട്, ചെമ്പന്തൊട്ടി നിവാസികളാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. വെള്ളത്തിന് ദുർഗന്ധവുമുണ്ട്. തോടിന്റെ പരിസരങ്ങളിൽ താമസിക്കുന്നവർക്ക് അലർജിരോഗങ്ങളുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞദിവസം രാവിലെ ശക്തമായ രീതിയിൽ മാലിന്യം തോടിലൂടെ ഒഴുക്കിയതോടെ കരയത്തുംചാൽ നിവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് നഗരസഭാ ചെയർമാൻ പി.പി.രാഘവൻ, കൗൺസിലർമാരായ എ.പി.മുനീർ, കെ.എം.ഫിലോമിന, മേരി കുഴിക്കാട്ടിൽ, സൂസൻ തുണ്ടിയിൽ, ലിനി മേലേറ്റ് തടത്തിൽ, സെക്രട്ടറി എ.പ്രവീൺ എന്നിവർ സ്ഥലം സന്ദർശിച്ച് ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി.ശ്രീകണ്ഠപുരം എസ്.ഐ. കെ.പി.ഷാജിയുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി. മലിനജലമൊഴുക്കുന്നത് തടഞ്ഞില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് നാട്ടുകാർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: