സാഹസികതയൊരുക്കി ധർമടത്ത് കയാക്കിംഗ്
തലശേരി: ജല കായിക വിനോദങ്ങളിലും സാഹസിക കായിക രംഗത്തും പുതിയ സാധ്യതകൾ തുറന്ന് ധർമടം ബീച്ചിൽ കയാക്കിംഗ് പരിശീലനം ആരംഭിച്ചു. ധർമടം ബീച്ചിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ആരംഭിച്ച കയാക്കിംഗ് ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ധർമടം ബീച്ചിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിനടുത്തുനിന്ന് ആരംഭിച്ച് പിണറായി പാർക്ക് വരെ നാല് കിലോമീറ്ററാണ് കയാക്കിംഗ് നടത്തുന്നത്.
തലശേരിയും പരിസരത്തുമുള്ള പ്രദേശങ്ങളും നല്ല ടൂറിസം കേന്ദ്രങ്ങളായി മാറുന്നതിനുള്ള പദ്ധതികൾ സർക്കാർ നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധർമടം ബീച്ചിൽ ഇപ്പോൾ ആരംഭിക്കുന്ന കയാക്കിംഗ് ഒക്ടോബർ മുതൽ സ്ഥിരമായി എല്ലാ ദിവസവും നടത്താനാണ് ഉദ്ദേശിക്കുന്നത്. തലശേരി പൈതൃക ടൂറിസം പദ്ധതി പുരോഗമിക്കുകയാണ്. മുഴപ്പിലങ്ങാട് ബീച്ച് കേന്ദ്രീകരിച്ചും വിനോദ സഞ്ചാര പദ്ധതികൾ ആവിഷ്കരിച്ചുവരികയാണ്. ഇതെല്ലാം ഒത്തുവരുമ്പോൾ ഈ മേഖല നല്ല ടൂറിസ്റ്റ് കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.കെ. രാഗേഷ് എം.പി, എ.എൻ. ഷംസീർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. സുമേഷ്, ജില്ലാ പോലീസ് മേധാവി ശിവ വിക്രം, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവൻ, ജില്ലാ പഞ്ചായത്ത് അംഗം പി. വിനീത തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കളക്ടർ മീർ മുഹമ്മദലി സ്വാഗതം പറഞ്ഞു. ചെറുപുഴ എക്സ്ട്രീം അഡ്വഞ്ചേഴ്സുമായി ചേർന്നാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കയാക്കിംഗ് സംഘടിപ്പിക്കുന്നത്. ഒരാൾക്ക് സഞ്ചരിക്കാവുന്ന എട്ട് കയാക്കുകളിലും രണ്ടാൾക്ക് പോകാവുന്ന ആറ് ടാൻഡെം കയാക്കുകളിലുമായി 20 പേർക്ക് ഒരു ബാച്ചിൽ യാത്ര ചെയ്യാം.