വിളക്ക് കത്തുന്നില്ല റോഡുകൾ ശോചനീയം: തലശ്ശേരി നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം

തലശ്ശേരി: നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. നിലാവ് പദ്ധതിയിലെ വഴി വിളക്കുകൾ പ്രകാശിക്കാത്തതിനെതിരേയും ചേറ്റംകുന്ന് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിനുമാണ് പ്രതിപക്ഷ അംഗങ്ങൾ ബഹളമുണ്ടാക്കിയത്. അംഗങ്ങളായ ടി.പി ഷാനവാസ്, കെ.പി അൻസാരി എന്നിവരാണ് ആരോപണം ഉന്നയിച്ചത്. നിലാവ് വിഷയം കെ.എസ്.ഇ. ബിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സ്ട്രീറ്റ് ലൈറ്റുകളുടെ മെയിന്റൻസ് സംബന്ധിച്ച് എ.എം.സി പദ്ധതിയിൽ വെച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഡി.പി.സി.യുടെ അംഗീകാരം ലഭിച്ചതായും അദ്ധ്യക്ഷ കെ.എം ജമുനാറാണി മറുപടിയിൽ പറഞ്ഞു.

പരിഹാരം കാണുമെന്ന് പറയുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ലെന്ന് കൗൺസിലർമാർ ആരോപിച്ച് ബഹളം തുടർന്നു. ചേറ്റംകുന്ന് റോഡിന്റെ ശോച്യാവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ നേരത്തെ തുക നീക്കിവച്ചിരുന്നുവെന്നും കൗൺസിലർമാർ ആവശ്യമായ ഇടപെടൽ നടത്തിയില്ലെന്നും ഭരണപക്ഷം കുറ്റപ്പെടുത്തി. പുതിയപദ്ധതിയിൽ ഈ റോഡ് അറ്റകുറ്റപ്പണി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റിയുടെ യോഗം വിളിക്കും. നിരീക്ഷണ കാമറ സംബന്ധിച്ച വിഷയവും ചർച്ച ചെയ്യും. കൂടാതെ ജൂബിലി കോംപ്ലക്സ് അറ്റകുറ്റപ്പണി ഉടൻ തുടങ്ങുമെന്നും യോഗത്തിൽ കെ.എം ജമുനാറാണി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: