ഏഴോം വിളിക്കുന്നു; കൈപ്പാട് കൃഷിയെ നേരിട്ടറിയാന്‍കണ്ണെത്താ ദൂരത്തേക്ക് പരന്നു കിടക്കുന്ന കൈപ്പാട് പ്രദേശം. അതിജീവനത്തിന്റെ പുതിയ പാഠങ്ങളറിഞ്ഞ് തലയുയര്‍ത്തിത്തന്നെ നില്‍ക്കുന്ന നെല്‍ച്ചെടികള്‍. ഏഴോം എന്ന  നാടിന്റെ കാര്‍ഷിക സംസ്‌കാരവും പാരമ്പര്യവും ദേശാടനക്കിളികള്‍ക്ക് മാത്രമല്ല ഇനി വിനോദസഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമാകും. കൈപ്പാട് നിലത്തിന്റെ നേരറിഞ്ഞ് വിത്തെറിയുന്ന ഏഴോത്ത് കൈപ്പാട് ഫാം ടൂറിസം പദ്ധതികള്‍ ആരംഭിച്ചു കഴിഞ്ഞു. സമഗ്ര കൈപ്പാട് വികസന പദ്ധതിയുടെ ഭാഗമായാണ് ഫാം ടൂറിസം പദ്ധതിക്ക് തുടക്കമിട്ടത്.  
ഭൗമ സൂചികയിലിടം നേടിയ ഏഴോം നെല്ലും, വേലിയേറ്റ വേലിയിറക്കത്തെ മാത്രം ആശ്രയിച്ച് സമ്പൂര്‍ണമായും ജൈവ രീതിയില്‍ ചെയ്യുന്ന കൈപ്പാട് കൃഷി രീതികളും , ഇവിടുത്തെ മത്സ്യ കൃഷിരീതികളും നേരിട്ടറിയാനും അനുഭവിക്കുവാനും അവസരമൊരുക്കുകയാണ് ഏഴോം ഗ്രാമ പഞ്ചായത്ത്. കേരള പുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായാണ് പരിപാടി.  കണ്ണൂര്‍ കൈപ്പാട് ഫാമേഴ്‌സ് സൊസൈറ്റിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കൈപ്പാട് കൃഷി വികസനത്തിന് ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ഒരു ഹെക്ടറിന് 17000 രൂപയും കൃഷി വകുപ്പ് മുഖേന 5500 രൂപയും ആകെ ഹെക്ടറിന് 22500 രൂപ അനുവദിച്ചിട്ടുണ്ട്.
 അഞ്ഞൂറേക്കറിലധികം നീണ്ടു കിടക്കുന്ന കൈപ്പാട് നിലത്ത് ചെറുതോടുകള്‍ കീറി കൊച്ചുവളളങ്ങളില്‍ യാത്ര ചെയ്യാം. കൈപ്പാടരിയുടെ ചോറും നല്ല മീന്‍കറിയും കഴിച്ച് കാഴ്ചകള്‍ ആസ്വദിക്കാം. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഈ ജൈവകൃഷി രീതികള്‍ നേരിട്ടു പഠിക്കാനും കണ്ടലിനെ അറിയാനുമുള്ള അവസരവും ഫാം ടൂറിസം പദ്ധതിയിലൂടെ നടപ്പാക്കും. ഒപ്പം പ്രദേശവാസികളായ കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഒരുക്കുന്നതിനും ഇത് സഹായിക്കും. കൈപ്പാട് അരിയുടെ പ്രചാരവും വിപണവും വര്‍ധിപ്പിക്കുന്നതിനും മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ സാധ്യതകള്‍ തേടുന്നതിനും പദ്ധതിയിലൂടെ സാധിക്കുമെന്ന് കര്‍ഷകന്‍ കൂടിയായ ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദന്‍ പറയുന്നു. അപൂര്‍വമായ ഈ കാര്‍ഷിക മേഖലയിലേക്ക് യുവകര്‍ഷകരെയും സംരംഭകരെയും ആകര്‍ഷിക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.
ഏഴോം അകത്തേക്കൈ, ചൂട്ടയം, നങ്കലം, പുറത്തേക്കൈ പ്രദേശങ്ങളിലായി പരന്നു കിടക്കുകയാണ് നെല്‍കൃഷി. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലൂടെയാണ് തരിശായി കിടന്ന കൈപ്പാട് നിലങ്ങളെയെല്ലാം വീണ്ടും സജീവമാക്കിയത്. ചതുപ്പ് നിലത്തെ ഉപ്പുവെള്ളത്തില്‍ കിടന്ന്, കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിച്ച് വളര്‍ന്നു വരുന്നതാണ് ഇവിടുത്തെ നെല്‍കൃഷി.  കൈപ്പാട് കാര്‍ഷിക വികസന രംഗത്തെ പ്രമുഖ ഗവേഷകയും കേരള കാര്‍ഷിക വികസന സൊസൈറ്റി (കാഡ്‌സ്) ഉത്തരമേഖല ഡയറക്ടറുമായ ഡോ. ടി വനജയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
പരമ്പരാഗത നെല്ലിനങ്ങളായ കുതിര്‍, കയമ എന്നിവയ്ക്കു പുറമെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഏഴോം നെല്‍വിത്തുകളുമാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കു പുറമെ വിവിധങ്ങളായ പ്രതിസന്ധികള്‍ നേരിടുന്ന മേഖലയാണ് കൈപ്പാട് കൃഷി. കൈപ്പാട് യന്ത്രവല്‍ക്കരണം സാധ്യമായാല്‍ ഈ മേഖലയില്‍ അത് വലിയ കുതിപ്പാകും. പഞ്ചായത്തിന്റെ തനത് കാര്‍ഷിക മേഖലയുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നതിനും, ഒപ്പം പുതിയ സാധ്യതകള്‍ തേടുന്നതിനും ഫാം ടൂറിസം വഴിയൊരുക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: