മയ്യഴിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട തോണിയാത്രക്കാരെ രക്ഷിച്ചു


കടവത്തൂർ : ഒഴുക്കിലകപ്പെട്ട കടത്തുതോണിയിലെ യാത്രക്കാരെ മൂന്നംഗസംഘം സാഹസികമായി രക്ഷപ്പെടുത്തി. മയ്യഴി പുഴയിലെ കടവത്തൂർ കല്ലാച്ചേരിക്കടവിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കടവ് വഴി കോഴിക്കോട് ജില്ലയിലെ ഇരിങ്ങണ്ണൂരിൽനിന്ന് കണ്ണൂർ ജില്ലയിലെ കടവത്തൂരിലേക്ക് തോണിയിൽ വരികയായിരുന്ന സുബൈദയും കടത്തു തോണിക്കാരൻ ഇരിങ്ങണ്ണൂരിലെ രാജീവനുമാണ് തോണിയുമായി ഒഴുക്കിൽപ്പെട്ടത്.

വെള്ളം പൊങ്ങി പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാൽ തോണി നിയന്ത്രിക്കാനാവാതെ വന്നു. കടത്തുകാരന് തോണിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ പുഴയുടെ മരക്കുളം ഭാഗത്തേക്ക് ഒഴുകിപ്പോവുകയായിരുന്നു.

യാത്രക്കാരിയും തോണിക്കാരനും സഹായമഭ്യർഥിച്ച് വിളിക്കുന്നതുകേട്ട പുഴയുടെ ഇക്കരെയുണ്ടായിരുന്ന കണ്ണോളിൽ കുവൈത്ത് മുഹമ്മദ്, മാപ്പള്ളി ഇസ്മായിൽ, കാട്ടിൽ മുഹമ്മദ് എന്നിവർ സമയോചിതമായി ഇടപെട്ടു.പുഴക്കരയിലുണ്ടായിരുന്ന മറ്റൊരു തോണിയിൽ ഇവർ മൂന്നുപേരും ഒഴുക്കിനെതിരേ തുഴഞ്ഞെത്തി തോണിയുൾപ്പെടെ രണ്ടുപേരെയും കരയിലെത്തിച്ചു. യാത്രക്കാരെ രക്ഷപ്പെടുത്തിയ മൂന്നുപേരെയും യൂത്ത് ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: