നാളെ മുതൽ ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കർശന നിയന്ത്രണങ്ങൾ; കടകൾ 3 മണി വരെ മാത്രം

കണ്ണൂർ: ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉറവിടം അറിയാത്ത കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം. ഇന്ന് ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ചുവടെ :

1. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഹോട്ടലുകൾ ഒഴിച്ചുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം 3 മണി വരെയും ഹോട്ടലുകൾ 6 മണി വരെയും മാത്രമേ തുറന്ന് പ്രവർത്തിക്കാവൂ.

2. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയവ മുൻകൂട്ടി പോലീസ് സ്റ്റേഷനിലും പഞ്ചായത്തിലും അറിയിക്കേണ്ടതും മരണം റിപ്പോർട്ടായാൽ ആ വിവരം പോലീസിൽ അറിയിക്കുകയും മേൽ ചടങ്ങുകൾക്ക് വാർഡ് തല നിരീക്ഷണ സമിതി മേൽനോട്ടം വഹിക്കേണ്ടതും തുടർ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതുമാണ്. ആയത് സംബന്ധിച്ച് എന്തെങ്കിലും വിഷയങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ആ കാര്യത്തിൽ പോലീസ് ഇടപെട്ട് നിയമ നടപടി സ്വീകരിക്കേണ്ടതാണ്.

3. വ്യാപാര സ്ഥാപനങ്ങളിൽ രോഗ വ്യാപനം തടയുന്നതിനാവശ്യമായ ക്രമീകരണങ്ങൾ – സാമൂഹിക അകലം പാലിക്കുക, ബ്രേക്ക് ദ ചെയിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ ( ഹാൻഡ് വാഷ്, സാനിറ്റൈസർ, സോപ്പ്, വെള്ളം) തുടങ്ങിയവ കൂടാതെ സന്ദർശകരുടെ പേര് വിവരങ്ങൾ, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ തുടങ്ങിയവ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കേണ്ടതാണ്. മേൽ കാര്യങ്ങൾ വ്യാപാര സ്ഥാപനങ്ങൾ അവരുടെ സ്വന്തം ചെലവിൽ നിർവ്വഹിക്കേണ്ടതാണ്.

4. അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ പഞ്ചായത്ത് തലത്തിൽ നിർവഹിക്കേണ്ടതും മേൽ വിവരം പോലീസിലും ലേബർ ഡിപ്പാർട്ട്മെൻറിലും അറിയിക്കുന്നതിന് തൊഴിലാളികളുടെ സ്പോൺസർമാരെ ചുമതലപ്പെടുത്തേണ്ടതും തൊഴിലാളികളുടെ ക്ഷേമകാര്യങ്ങൾ സ്പോൺസർമാർ തന്നെ നിർവ്വഹിക്കേണ്ടതുമാണ്.

5. ചക്കരക്കൽ ടൗണിലേക്ക് വരുന്ന വാഹനങ്ങൾ ഗോകുലം ഓഡിറ്റോറിയം മുൻവശം ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്

6. ചക്കരക്കൽ ടൗണിൽ പാർക്കിങ്ങ് റോഡിൻ്റെ ഇരുവശത്തും ഒന്നിടവിട്ട ദിവസങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്താൻ തീരുമാനിച്ചു

7 .അന്യസംസ്ഥാനത്ത് നിന്നും വരുന്ന ചരക്ക് വാഹനങ്ങളുടെ ഡ്രൈവർമാർ അവരവരുടെ വാഹനത്തിൽ തന്നെ കഴിയേണ്ടതും അവരുടെ ക്ഷേമകാര്യങ്ങൾ ഏത് വ്യാപാര സ്ഥാപനത്തിലേക്കാണോ ചരക്കിറക്കുന്നത് ആ കടയുടമ തന്നെ അവരുടെ ക്ഷേമകാര്യങ്ങൾ നിർവ്വഹിക്കേണ്ടതാണ്. ഡ്രൈവർമാർ ടൗണിൽ ഇറങ്ങി നടക്കാനുള്ള സാഹചര്യം പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.

8 .കോവിഡ് രോഗത്തിൻ്റെ വ്യാപനം തടയുന്നതിനായി ബോധവത്കരണത്തിനുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിന് പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം ഉപയോഗിച്ച് വാഹനത്തിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രചരണം നടത്തുന്നതിനുള്ള ചുമതല പഞ്ചായത്ത് നിർവ്വഹിക്കേണ്ടതാണ്.

9. സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്ന കൂടാരങ്ങൾ നശിപ്പിക്കാൻ തീരുമാനിച്ചു. ചക്കരക്കൽ സിഐ കെവി പ്രമോദന്റെ നേതൃത്വത്തിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംസി മോഹനൻ, ഇരിവേരി സിഎച്ച്സി സൂപ്രണ്ട് സലീം, വ്യാപാരി പ്രതിനിധികൾ, ചെമ്പിലോട്, അഞ്ചരക്കണ്ടി, മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ടുമാർ സംയുക്തമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: