ജല സംരക്ഷണത്തിന്റെ ധര്‍മ്മടം മാതൃക മണ്ഡലത്തില്‍ നടപ്പാക്കുന്നത് 21 കോടി രൂപയുടെ 40 പ്രവൃത്തികള്‍

മണ്ണും വെള്ളവും സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പ്രസക്തി ഏറെയാണ്. ഇത്തരത്തില്‍ മഴക്കാലത്ത് മണ്ണിലെത്തുന്ന ഓരോ തുള്ളി ജലവും സംരക്ഷിക്കുക, അതുവഴി പ്രദേശത്ത് നേരിടുന്ന ജലക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക എന്നീ ലക്ഷ്യങ്ങളോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ധര്‍മ്മടം മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. നിരവധി കുളങ്ങളും തോടുകളുമാണ് വിവിധ പദ്ധതികളിലുള്‍പ്പെടുത്തി മണ്ഡലത്തില്‍ നവീകരിക്കുന്നത്. പത്തോളം കുളങ്ങളുടെ നവീകരണം ഇതിനോടകം പൂര്‍ത്തിയായി. സര്‍ക്കാറിന്റെ സംരക്ഷണത്തിലുള്ള ജല സ്രോതസുകള്‍ മാത്രമല്ല, സ്വകാര്യ-ക്ഷേത്രക്കുളങ്ങളും തോടുകളും പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നുണ്ട്.
കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് വിവിധ വകുപ്പുകള്‍ മുഖേന ജലസംരക്ഷണത്തിനായി മണ്ഡലത്തില്‍ നടപ്പാക്കുന്നത്.  എം എല്‍ എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള തുക കൂടാതെ നബാര്‍ഡ്, മണ്ണ് ജല സംരക്ഷണ വകുപ്പ്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, കേരള ലാന്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ തുടങ്ങിയ വകുപ്പുകളും വിവിധ പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പാക്കുന്നുണ്ട്. 21 കോടിയിലേറെ രൂപയുടെ 40 ല്‍ അധികം പദ്ധതികളാണ് മണ്ഡലത്തില്‍ പുരോഗമിക്കുന്നത്.
പെരളശ്ശേരി ടൗണ്‍ കുളം (52.41 ലക്ഷം), മുഴപ്പിലങ്ങാട് കുളം (18 ലക്ഷം), വേങ്ങാട് തെരു കുളം (10.56 ലക്ഷം), പിണറായി വൈരിഘാതകന്‍ ക്ഷേത്ര കുളം (44.15 ലക്ഷം), പിണറായി തെരു കുളം (51.27 ലക്ഷം), പിണറായി ഒതയോത്ത് കുളം (51.10 ലക്ഷം), മേലൂര്‍ ക്ഷേത്ര കുളം (73.29 ലക്ഷം), പിണറായി ചിറയില്‍ കുളം (34.75 ലക്ഷം), കടമ്പൂര്‍ കുഞ്ഞിമംഗലോം ക്ഷേത്ര കുളം (30 ലക്ഷം) എന്നിവയുടെ നവീകരണ സൗന്ദര്യവല്‍ക്കരണ പദ്ധതികളാണ് പൂര്‍ത്തിയായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി വികസന ഫണ്ടും മറ്റ്   വിവിധ വകുപ്പുകളുടെ ഫണ്ടും  ഉപയോഗിച്ചാണ് പദ്ധതികൾ നടപ്പാക്കിയത്. കൂടാതെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന പാനുണ്ട കുളം (25 ലക്ഷം), കീഴേടത്ത് വയല്‍ കുളം (30 ലക്ഷം), പറമ്പായി കുളം (35 ലക്ഷം), ചേരിക്കല്‍ കുളം (32 ലക്ഷം), കണ്ണാടിച്ചാല്‍ കുളം (8.50 ലക്ഷം) എന്നിവയുടെ പ്രവൃത്തികള്‍ വിവിധ ഘട്ടങ്ങളിലാണ്.
മണ്ണ് ജല സംരക്ഷണ വകുപ്പ് മുഖേന 78.20 ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്ന മുഴപ്പിലങ്ങാട് പഞ്ചായത്തിലെ താമരക്കുളം, വേങ്ങാട് പഞ്ചായത്തിലെ കല്ലിക്കുന്ന് വയല്‍കുളം, ചെമ്പിലോട് പഞ്ചായത്തിലെ മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ് കുളം എന്നിവയുടെയും വേങ്ങാട് പഞ്ചായത്തിലെ സീഡ് ഫാം പോണ്ട് (39.08 ലക്ഷം), പിണറായി പഞ്ചായത്തിലെ വള്ളുവക്കണ്ടി കുളം (17.49 ലക്ഷം), ചെമ്മരശ്ശേരി മഹാദേവ ക്ഷേത്രക്കുളം (37.41 ലക്ഷം), തന്നുമംഗലം വിഷ്ണുക്ഷേത്രക്കുളം (65.63 ലക്ഷം), പെരളശ്ശേരി പഞ്ചായത്തിലെ ശാസ്താംകോട്ട അയ്യപ്പക്ഷേത്രക്കുളം (77.91 ലക്ഷം), ആട്ടക്കുളം (19.55 ലക്ഷം) എന്നിവയുടെ ടെണ്ടര്‍ നടപടികള്‍ നടന്നുവരികയാണ്.
8.89 കോടി രൂപയുടെ ജല സംരക്ഷണ പദ്ധതികളാണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മണ്ഡലത്തില്‍ നടപ്പാക്കുന്നത്. 3.55 കോടി രൂപ ചെലവിലുള്ള എരുവട്ടി തോട് പ്രവൃത്തി, 2.09 കോടി രൂപ ചിലവിലുള്ള കിഴക്കുമ്പാകം തോട് പ്രവൃത്തി, 1.78 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ആനപ്പാലം പുതിയോട്ടുചിറ പ്രവൃത്തി തുടങ്ങിയവ ഇതില്‍പ്പെടുന്നു. 5 കോടിയിലധികം  രൂപ ചെലവിലാണ് കേരള ലാന്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മണ്ഡലത്തില്‍ വിവിധ ജല സംരക്ഷണ പദ്ധതികള്‍ നടപ്പാക്കുന്നത്. മക്രേരി അമ്പലക്കുള പ്രവൃത്തി, പറമ്പുക്കരി വലിയകുളം പ്രവൃത്തി, ചാലത്തോട് പ്രവൃത്തി തുടങ്ങിയവയാണ് നടപ്പാക്കുന്നത്. ഇത് കൂടാതെ വകുപ്പ് 1.70 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന മാവിലായി വലിയ തോടിന്റെ പ്രവൃത്തി ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. എം എല്‍ എ ഫണ്ടില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്ന പിണറായി വെള്ളുവക്കണ്ടി തോടിന്റെ പ്രവൃത്തിയും പൂര്‍ത്തിയായി. അഞ്ചരക്കണ്ടി നടുത്തോട് (45 ലക്ഷം), നരിക്കോട് വയല്‍ തോട് (40 ലക്ഷം), പെരളശ്ശേരി കുഴിച്ചിറ തോട് (15 ലക്ഷം), മുണ്ടലൂര്‍ത്തോട് (40 ലക്ഷം), ചേരിക്കല്‍ തോട് (15 ലക്ഷം), മൗവ്വേരി തോട് (15 ലക്ഷം), കോര്‍നാഷന്‍ വലിയ തോട് (10 ലക്ഷം) എന്നിവയുടെ പ്രവൃത്തികളും എം എല്‍ എ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്. വിവിധ ഘട്ടങ്ങളിലായി ഇവയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവരികയാണ്.
ജല സംരക്ഷണത്തോടൊപ്പം കൈവരികളും ഇരിപ്പിടങ്ങളും സംരക്ഷിത മതിലുകളും നിര്‍മ്മിച്ച് ഓരോ കുളവും മനോഹരമാക്കി തീര്‍ക്കുകയാണിവിടെ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നീന്തല്‍ പഠിക്കുന്നതിനും വ്യായാമത്തിനും ഉപയോഗിക്കത്തക്ക വിധത്തിലാണ് കുളങ്ങളുടെ നവീകരണം. ഓരോ കുളത്തിലും ജല സംഭരണത്തിന്റെ തോതും വര്‍ധിപ്പിച്ചിട്ടുണ്ട്. മഴക്കാലത്ത് കുളത്തില്‍ അധികം വരുന്ന ജലം ഒഴുക്കിക്കളയുന്നതിന് നീര്‍ച്ചാലുകളും നിര്‍മ്മിച്ചിട്ടുണ്ട്. കണ്ടുപഠിക്കേണ്ട മാതൃക തന്നെയാണ് പിണറായി പഞ്ചായത്തിലെ ഈ ജലസ്രോതസുകള്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: