കർമമണ്ഡലം കണ്ണീർപൊഴിച്ചു; വികസന ശിൽപിക്ക് നാടിന്റെ യാത്രാമൊഴി

കണ്ണാടിപറമ്പ: ഈ വേർപാട് തീർത്തും അപരിഹാര്യമായ നഷ്ടമാണ് കണ്ണാടിപ്പറമ്പിനും സമീപപ്രദേശത്തിനും വരുത്തിയിരിക്കുന്നത്. കണ്ണാടിപറമ്പിലെ പൂർവ്വകാല രാഷ്ട്രീയ നേതൃശൃംഖലയിൽപ്പെട്ട അവസാനകണ്ണികളിലൊരാളായിരുന്നു ഇന്ന് നമ്മോട് വിടപറഞ്ഞ *കെ.ടി അബ്ദുള്ള ഹാജി സാഹിബ്*.മത-രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ അദ്ദേഹത്തിന്റെ തുടക്കം എളി യതാണെങ്കിലും ആർജ്ജിച്ചെടുത്ത നേട്ടം വളരെ വലിയതായിരുന്നു. കർമ മണ്ഡലങ്ങളിലൂടെ നിരന്തരം സഞ്ചരിച്ച അദ്ദേഹം പ്രദേശത്തിന് പകർന്നേകിയ നേട്ടം അതുല്യമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കണ്ണാടിപ്പറമ്പിന് പകരക്കാരനില്ലാത്ത ഒരു അമരക്കാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ആയുസ്സും ആരോഗ്യവും തന്നാലാവുംവിധം രാഷ്ട്രീയത്തിന്നതീതമായി സമൂഹജനതക്ക് സമർപ്പിച്ച ഒരു മഹാവ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. മരണത്തിന് മതവും ജാതിയും രാഷ്ട്രീയവുമൊന്നുമില്ല. ഇന്നല്ലെങ്കിൽ നാളെ അത് ഓരോരുത്തരെയും ഒന്നൊന്നായി വിഴുങ്ങുകതന്നെ ചെയ്യും. എന്നിരുന്നാലും ചില മരണങ്ങളുണ്ട്, അത് നമ്മുടെ മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തും, എന്തെന്നില്ലാത്ത നഷ്ടബോധവും നമ്മെ വീർപ്പുമുട്ടിക്കും. അത്തരമൊരു മരണത്തിനുടമയായിരുന്നു ബഹുമാന്യനായ കെ.ടി . വളരെ നിഷ്കളങ്കതയോടെയുള്ള അദ്ദേഹത്തിന്റെ ജാതി-മത ഭേദമന്യേയുള്ള ഓരോ പ്രവർത്തനവും സമൂഹത്തിന് തെല്ലൊന്നുമല്ല ആശ്വാസക്കുളിർക്കാറ്റേകിയത്. വലിയ വലിയ അധികാരപ്പദവികൾ തേടിയെത്തുമെന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടായിരുന്നിട്ടു പോലും അദ്ദേഹം അത്തരം സ്ഥാനമാനങ്ങളിലേക്കുള്ള പഥങ്ങളിൽ നിന്നും വ്യതിചലിച്ച് വ്യത്യസ്തനാവുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ച പ്രവർത്തന മണ്ഡലങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാൽ നമുക്ക് ബോധ്യപ്പെടുന്ന ഒരു വസ്തുതയുണ്ട്, തന്റെ നാട്ടിൽ മാത്രമല്ല, ഇതരനാടുകളിലെ നന്മയ്ക്കും ഉന്നമനത്തിനും വേണ്ടി നന്നായി കഠിനാധ്വാനം ചെയ്ത മഹാമനീഷിയായിരുന്നു അദ്ദേഹമെന്ന്. അവിഭക്ത കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സിക്രട്ടറി, എസ് ടി യു കണ്ണൂർ ജില്ലാ പ്രസിഡന്റ് , സംസ്‌ഥാന സെക്രട്ടറി , അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് , സംസ്ഥാനകമ്മിറ്റി അംഗം ജില്ലാ പഞ്ചായത്ത് മെമ്പർ, പുല്ലൂപ്പി മഹല്ല് പ്രസിഡന്റ്, ഇർഷാദുൽ മുസ്‌ലിമീൻ സംഘം ഉപദേശകസമിതി ചെയർമാൻ തുടങ്ങി ഒരുപാട് മേഖലകളിൽ ജ്വലിച്ചുനിന്നിരുന്ന അദ്ദേഹം ഒരുകാലത്ത് കണ്ണൂർ ജില്ലയിലെ മുസ്‌ലിം ലീഗ് വേദികളിലെ ഉജ്ജ്വല പ്രാസംഗികനായിരുന്നു. ഇങ്ങനെ വ്യത്യസ്ത മേഖലകളിൽ ഒരു തണൽ കണക്കെ നിലകൊള്ളുകയും നാറാത്ത് – കണ്ണാടിപ്പറമ്പ് സാമൂഹിക സാംസ്കാരിക മേഖലകളിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രദേശത്തെ ബാധിക്കുന്ന സർവ്വ പ്രശ്നങ്ങളിലും ഒരു കാരണവരെ പോലെ ഇടപെടുകയും അതിന് പരിഹാരം കാണുകയും ചെയ്തിരുന്ന കെ.ടി. യുടെ വിയോഗം എല്ലാവരെയും ദുഃഖത്തിലാഴ്ത്തി. ഒരു വലിയ മനുഷ്യസ്നേഹിയുടെ വേർപാടിൽ ജനസമൂഹമൊന്നാകെ വിതുമ്പുകയാണ്. ഇന്ന് ഈ പ്രദേശത്ത് മികച്ച നിലവാരത്തോടെ നിലനിൽക്കുന്ന, ഒരു സമൂഹത്തിലെ വിദ്യാർത്ഥി-വിദ്യാർഥിനികൾക്കൊന്നാകെ വിജ്ഞാന വെളിച്ചമേകുന്ന കണ്ണാടിപ്പറമ്പ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൾ സ്ഥാപിക്കുന്നതിനും, തുടർന്നുള്ള സ്കൂൾ വികസനപ്രവർത്തനങ്ങൾക്കും സാമ്പത്തിക – സാമ്പത്തികേതര സഹായങ്ങൾ ചെയ്തവരുടെ കൂട്ടത്തിൽ നിസ്തുലമായൊരു പങ്കുവഹിച്ച ഒരാളായിരുന്നു കെ.ടി. ഇങ്ങനെ ഇന്നിവിടം കാണുന്ന പല വികസനങ്ങളുടെയും പിന്നിൽ ഒരാളായി അദ്ദേഹത്തെയും നമുക്ക് കാണാൻ സാധിക്കും. ആരോടും വിദ്വേഷമില്ലാതെ, അഹംഭാവമില്ലാതെ, സ്വയം അഹങ്കാരമില്ലാതെ സൗമ്യതയുടെ നിരപുഞ്ചിരിയോടെയല്ലാതെ കെ.ടി യെ കാണുക അസാധ്യം തന്നെ. തന്നാൽ കഴിയുന്നതിനുമപ്പുറം പൊതുസേവനമെന്ന മുഖമുദ്ര ഒരു ദിനചര്യയാക്കി മാറ്റിയും, പുല്ലൂപ്പി മഹൽ കമ്മിറ്റിയിലും, ഇർഷാദുൽ മുസ്‌ലിമീൻ സംഘം പ്രവർത്തനത്തിലും, പാർട്ടി പ്രവർത്തനത്തിലും സജീവ സാന്നിധ്യമായും കെ.ടി തിളങ്ങിനിന്നു, ബാക്കി സമയങ്ങൾ സംഘടനകൾക്കു വേണ്ട ഉപദേശ നിർദ്ദേശത്തിനായും അദ്ദേഹം നീക്കി വെച്ചു. എന്നും ഉപദേശങ്ങൾക്കായ് കാതോർക്കുന്ന മുസ്ലിം ലീഗ് , യൂത്ത് ലീഗ് , എം .എസ് .എഫ് , എസ്.ടി .യു പ്രവർത്തകർക്കെല്ലാം തങ്ങളുടെ പ്രിയങ്കരനായ നേതാവിന്റെ വേർപാട് താങ്ങാനാവാത്തതാണ്. കണ്ണാടിപറമ്പിന്റെയും, സമീപ പ്രദേശങ്ങളുടെയും പ്രിയനേതാവായകെ.ടി യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുവാൻ വേണ്ടി കക്ഷി-രാഷ്ട്രീയ ഭേദമന്യേ നിരവധിയാളുകളാണ് അദ്ദേഹത്തിന്റെ വസതിയിൽ എത്തിച്ചേർന്നത്. കെ.എം ഷാജി എം.എൽ.എ, വി.കെ അബ്ദുൽ ഖാദർ മൗലവി തുടങ്ങി മുസ്‌ലിം ലീഗിന്റെ നിരവധി നേതാക്കളും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ബിജു കണ്ടക്കൈ, എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പയും മറ്റനേകം പ്രമുഖ വ്യക്തിത്വങ്ങളുൾപ്പെടെ ഒരു വൻജനാവലി തന്നെ കെ.ടി ക്ക് യാത്രയയപ്പ് നൽകി. ഒരു മണിയോടെ പുല്ലൂപ്പി ജുമാമസ്ജിദിൽ നിന്നും ജനാസ നിസ്‌ക്കരിച്ചതിനു ശേഷം നിടുവാട്ട് മന്ന ഖബർസ്ഥാനിലേക്ക് തക്‌ബീറലകളോടെ കൊണ്ടു പോവുകയും, തുടർന്ന് 1.45 ഓടെ മറവു ചെയ്യുകയും ചെയ്തു…………_ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കോലത്ത് നാട്ടിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാൻ തേരോട്ടം നടത്തിയ മഹാന്മാരായ ഒ കെ സാഹിബ്, മഹമൂദ് ഹാജി സാഹിബ് എന്നീ മുൻ നിര നേതാക്കളിൽ അവസാന കണ്ണികളിൽ ഒരാളാണ് കെ.ടി. അബ്ദുല്ല ഹാജി സാഹിബിന്റ വിയോഗം മൂലം നഷ്ടപ്പെട്ടത്..__സ്വാതന്ത്ര്യാനന്തരം ആറു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതം ജനാധിപത്യ പ്രസ്ഥാനത്തിന് വേണ്ടിയായിരുന്നു . ഇ . മൊയ്‌ദു മൗലവി, ഡാങ്കൈ എന്നിവയോടൊപ്പം നടത്തിയ തന്റെ പോരാട്ടങ്ങൾ കെ.ടി. രാഷ്ട്രീയ സദസ്സുകളിൽ പ്രവർത്തകരോട് പങ്കു വെക്കുമായിരുന്നു.. സംഘടനകൾക്ക് അതീതമായി ആളുകളുമായി സംവദിച്ച മനുഷ്യ_ _സ്നേഹി ,_ _അദ്ധേഹത്തിന്റെ_ _വിയോഗം__മത, സാമൂഹിക,_ _രാഷട്രീയ മേഖലകൾക്ക് തീരാ നഷ്ടമാണ്..__കണ്ണാടിപറമ്പിന്റെ, നാറാത്ത് പഞ്ചായത്തിന്റെ ചരിത്രത്തോടപ്പം എന്നും *കെ.ടി അബ്ദുള്ള ഹാജി സാഹിബ്* സ്മരിക്കപ്പെടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.._ *അതെ, ഭൂലോക ജീവിതത്തിൽ അധികം വിശ്രമിക്കാതെ പൊതുജനങ്ങൾക്ക് വേണ്ടി നെട്ടോട്ടമോടിയ കെ.ടി, ഇനിയിവിടം ദീർഘകാലം വിശ്രമിച്ചുകൊള്ളട്ടെ….*കണ്ണൂർ വർത്തകക്ക് വേണ്ടി ✍🏻 മുഹമ്മദ് അൽത്താഫ്.കെ, നിടുവാട്ട്_

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: