കണ്ണൂർ വിമാനത്താവളം: കേന്ദ്ര ഏജൻസികൾ നടത്തിയ പരിശോധന പൂർത്തിയായി

കണ്ണൂർ വിമാനത്താവളത്തിൽ വിവിധ കേന്ദ്ര ഏജൻസികൾ നടത്തിയ പരിശോധന പൂർത്തിയായി. ലൈസൻസ് അനുവദിക്കുന്നതിനു മുന്നോടിയായി

കേന്ദ്ര ഏജൻസികളുടെയും പോലീസിന്റെയും ഉദ്യോഗസ്ഥ സംഘം വിമാനത്താവളം സന്ദർശിച്ചത്.എയർപോർട്ട് അതോറിറ്റി, കസ്റ്റംസ്, ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്), എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എ.ഇ.ആർ.എ), സി.ആർ.പി.എഫ് ഇന്റലിജൻസ് ബ്യൂറോ, പോലീസ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ബി.സി.എ.എസ് റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ആർ.കെ സേനാപതി, എയർപോർട്ട് അതോറിറ്റി (സെക്യൂരിറ്റി) ഉത്തരമേഖല ഡി.ജി.എം സുകുമാർ, സീനിയർ മാനേജർ ജ്യോതി, കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ പ്രദീപ്‌ കുമാർ, മട്ടന്നൂർ സി.ഐ ജോഷി ജോസ് എന്നിവരും കിയാലിനെ പ്രതിനിധീകരിച്ചു ഡയറക്ടർ വി.തുളസിദാസ്‌, ചീഫ് പ്രൊജക്റ്റ്‌ എഞ്ചിനീയർ ഇൻചാർജ് കെ.എസ് ഷിബു കുമാർ, അഡ്മിനിസ്ട്രേഷൻ മാനേജർ ടി.അജയകുമാർ, ചീഫ് സെക്യൂരിറ്റി ഓഫീസർ വേലായുധൻ എന്നിവരാണ് സംഘത്തിൽ ഒപ്പമുണ്ടായിരുന്നത്.

വിമാനത്താവള പ്രവേശന കവാടം, പുറത്തേക്കുള്ള വഴി, കെട്ടിടം, ജീവനക്കാർക്ക് പ്രവേശിക്കാനുള്ള കവാടം, റൺവേയുടെ വശങ്ങൾ, യാത്രക്കാർക്ക് റൺവേയിലേക്ക് പ്രവേശിക്കാനുള്ള ഭാഗം തുടങ്ങി അതീവ സുരക്ഷ വേണ്ട എല്ലാ മേഖലകളിലും സംഘം പരിശോധന നടത്തി. വിമാനത്താവളങ്ങളിൽ സുരക്ഷ ഏർപ്പെടുത്തുന്നതു സംബന്ധിച്ച് രാജ്യാന്തര സംഘടനയായ ഐ.സി.എ.ഒ യും കേന്ദ്ര സർക്കാരും നിഷ്‌കർഷിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടോ എന്നും സംഘം പരിശോധിച്ചു. ബി.സി.എ.എസ് ന്റെ ഡൽഹിയിലെ ആസ്ഥാനത്തുള്ള ഉദയഗസ്ഥർ അടുത്ത ഘട്ടം പരിശോധനക്കെത്തും.വിമാനത്താവളങ്ങളിൽ ഈടാക്കാവുന്ന വിവിധ നിരക്കുകൾ നിശ്ചയിക്കുന്നതിന്റെ ഭാഗമായാണ് എ.ഇ.ആർ.എ സംഘം എത്തിയത്. വിമാനങ്ങൾക്കു ഏർപെടുത്താവുന്ന ലാൻഡിംഗ് നിരക്ക്, പാർക്കിങ് നിരക്ക് എന്നിവയും യാത്രക്കാരിൽ നിന്ന് ഈടാക്കാവുന്ന ഡെവലപ്മെന്റ് ഫീസ് തുടങ്ങിയവ എ ഇ ആർ എ യുടെ നിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുക. എ.ഇ.ആർ.എ അധ്യക്ഷൻ എസ് മചേന്ദ്രനാഥിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് പരിശോധനക്ക് എത്തിയത്. വിമാനത്താവള സജ്ജീകരണങ്ങളിൽ കേന്ദ്ര ഏജൻസികൾ പൂർണ സംതൃപ്തി അറിയിച്ചതായി കിയാൽ അധികൃതർ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: