പയ്യാമ്പലം പാർക്കിലെ ശിൽപ്പങ്ങൾ സംരക്ഷിക്കണം: മുരളി ചീരോത്ത്‌

കണ്ണൂർ: പയ്യാമ്പലം ഡിടിപിസി പാർക്കിലെ കാനായി കുഞ്ഞിരാമന്റെ ശിൽപ്പങ്ങൾ പരിചരണമില്ലാതെ നശിക്കുന്നതായി ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്‌. ശിൽപ്പങ്ങൾക്ക്‌ സംരക്ഷണമില്ലാത്തത്‌ ശിൽപ്പിയോടുള്ള അനാദരവാണെന്നും ഇതിൽ ഡിടിപിസി അധികൃതർ നടപടിയെടുക്കണമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. 

മണ്ണിൽ തീർത്ത ‘അമ്മയും കുഞ്ഞും’ ശിൽപ്പം കാട്‌ കയറി മൂടിയ നിലയിലാണുള്ളത്‌.  ‘റിലാക്സ്‌’ ശിൽപ്പത്തിന്റെ നിലവും തകർന്നിരിക്കുകയാണ്‌.  ഇതിനു സമീപം കുട്ടികൾക്ക്‌ കളിക്കാനുണ്ടാക്കിയ തളത്തിൽ മണ്ണ്‌ കയറി. പാർക്കിന്റെ കവാടത്തിൽനിന്ന്‌ അമ്മ ശിൽപ്പത്തിലേക്കുള്ള കാഴ്‌ച മറയ്‌ക്കുംവിധം ഒരു കെട്ടിടവും നിർമിച്ചിട്ടുണ്ട്‌.  ദീർഘകാലാടിസ്ഥാനത്തിൽ ശിൽപ്പങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ശിൽപ്പങ്ങൾക്ക്‌ സമീപം  കെട്ടിടം നിർമിക്കുമ്പോൾ ലളിതകലാ അക്കാദമിയുമായി ചർച്ച ചെയ്യുന്നത്‌ ഫലപ്രദമാവുമെന്നും അദ്ദേഹം പറഞ്ഞു. വൈസ്‌ ചെയർമാൻ എബി എൻ ജോസഫ്‌ ശിൽപ്പികളായ വത്സൻ കൊല്ലേരി, ഉണ്ണി കാനായി എന്നിവർ പങ്കെടുത്തു. തിങ്കളാഴ്‌ച രാവിലെ  ചെയർമാൻ  മുരളി ചീരോത്തിന്റെ നേതൃത്വത്തിൽ കലാകാരന്മാരുടെ സംഘം പയ്യാമ്പലം പാർക്ക്‌ സന്ദർശിച്ചിരുന്നു. പാർക്ക്‌ സംരക്ഷിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ സംഘം ഡിടിപിസി ചെയർമാനായ കലക്ടർ എസ്‌ ചന്ദ്രശേഖറിന്‌ നിവേദനം നൽകി. കാട്‌കയറി നശിച്ച ശിൽപ്പങ്ങൾ അറ്റകുറ്റപ്പണി നടത്താനുള്ള സഹായം നൽകുമെന്ന്‌ കലാകാരന്മാരുടെ സംഘം അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: