ഓംബുഡ്‌സ്‌മാൻ സിറ്റിംഗ് നടത്തി

ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കുന്നതിനും തീർപ്പ് കല്പിക്കുന്നതിനുമായി ജില്ലാ ഓംബുഡ്‌സ്‌മാൻ കെ. എം. രാമകൃഷ്ണൻ സിറ്റിംഗ് നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹോളിൽ നടന്ന സിറ്റിങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പ്രോഗ്രാം ഓഫീസർ കെ.എം. സുനിൽകുമാർ, ജോയിന്റ് ബി ഡി ഒ മാരായ ടി.പി. പ്രദീപൻ, പി.ദിവാകരൻ, എക്സ്റ്റൻഷൻ ഓഫീസർമാർ എന്നിവർ പങ്കെടുത്തു. തില്ലങ്കേരി, കൂടാളി, പായം, അയ്യൻകുന്ന് പഞ്ചായത്തുകളിൽ നിന്നായി 8 പരാതിക്കാർ, മേൽ പഞ്ചായത്തുകളിലേയും ബ്ലോക്ക് പഞ്ചായത്തിലേയും തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ എന്നിവർ സിറ്റിങ്ങിൽ ഹാജരായി.
പായം ഗ്രാമ പഞ്ചായത്തിൽ സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് സ്ഥാപിച്ച വകയിൽ ജെ എൽ ജി ഗ്രൂപ്പിന് ലഭിക്കാനുള്ള തുക, അയ്യൻകുന്ന് പഞ്ചായത്തിൽ നിന്ന് തൊഴിലാളികളുടെ ചികിത്സാ ചിലവ്, തോടിന്റെ അരിക് കെട്ടി സംരക്ഷിക്കുന്നത്, എൻ എം എം എസ് ചെയ്യുന്നതിന് വരുന്ന സാങ്കേതിക തടസ്സങ്ങൾ എന്നിവ സംബന്ധിച്ചാണ് പരാതികൾ ലഭിച്ചിരുന്നത്.
രാവിലെ നടന്ന സിറ്റിങ്ങിനു ശേഷം പായം പഞ്ചായത്തിലെ കോളിക്കടവിൽ തൊഴിലുറപ്പു പദ്ധതി പ്രവർത്തനം നേരിൽ കാണുന്നതിനും വിലയിരുത്തുന്നതിനായി ഓംബുഡ്സ്മാൻ പ്രവർത്തി സ്ഥലം സന്ദർശിച്ചു. 15 സ്ത്രീ തൊഴിലാളികളും 6 പുരുഷ തൊഴിലാളികളും ഉൾപ്പെടെ 21 പേർ ആണ് പ്രവർത്തിക്ക് ഹാജരായിരുന്നത്.
തൊഴിൽ സ്ഥലത്ത് വേണ്ടുന്ന സൗകര്യങ്ങൾ സംബന്ധിച്ചും തൊഴിലാളികളുടെ ക്ഷേമത്തിനാവശ്യമായ കാര്യങ്ങൾ സംബന്ധിച്ചും ഇദ്ദേഹം തൊഴിലാളികളുമായി സംവദിച്ചു. തൊഴിലാളികൾക്ക് പറയുവാനുള്ള കാര്യങ്ങൾ പറയുവാനും കേൾക്കുവാനും അവസരമുണ്ടാക്കി. എൻ എം എം എസ് പോലെയുള്ള കാര്യങ്ങളിൽ കാര്യശേഷി വർദ്ധിപ്പിക്കുന്നതിന് ഇനിയും പരിശീലനം ആവശ്യമുള്ളവർക്ക് അത് നൽകുവാനും മുഴുവൻ മേറ്റ്‌മാർക്കും ഐ ഡി കാർഡ് നൽകുവാനും മസ്റ്റർ റോളിൽ പേര് പ്രിന്റ് ചെയ്തു വന്നാൽ തൊഴിലിന് ഹാജരാകാത്ത സ്ഥിതി ഉണ്ടാകരുതെന്നും നിർദ്ദേശം നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ ഓംബുഡ്സ്മാന് സിറ്റിങ്ങിലും തപാലിലും , ഇ മെയ്‌ലിലും ഫോൺ മുഖാന്തിരവും പരാതി സമർപ്പിക്കാവുന്നതാണെന്നും പദ്ധതി കൂടുതൽ മികച്ച രീതിയിൽ നടത്തുന്നതിന് തൊഴിലാളികളുടെ സഹകരണം അത്യാവശ്യമാണെന്നും നിർദ്ദേശിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: