അജ്മാനിലെ മരുഭൂമിയിൽ കണ്ണൂർ സ്വദേശി മരിച്ച നിലയിൽ

അജ്മാൻ: അജ്മാനിലെ തല്ലഹ് മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. ഒന്നര മാസം മുമ്പ് കാണാതായ കണ്ണൂർ സിപി റോഡ് സ്വദേശി റാഷിദ് (33)ന്റേതാണ് മൃതദേഹം. മൃതദേഹം ഷാർജ മസ്ജിദ് സഹാബ ഖബർ സ്ഥാനിൽ റാഷിദിന്റെ മൃതദേഹം ഖബറടക്കി.

ഷാർജയിൽ സജയിൽ സൂപ്പർമാർക്കറ്റിൽ ജോലിചെയ്തു വരികയായിരുന്നു റാഷിദ്. ഒന്നര മാസം മുമ്പാണ് റാഷിദിനെ കാണാതായത്. കടയുടമയും സഹോദരനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ഈ മാസം ഒമ്പതിനാണ് മൃതദേഹം ഒരു മരത്തിനടുത്ത് മരുഭൂമിയിൽ പോലീസ് കണ്ടെത്തിയത്. പോലീസ് ഇക്കാര്യം പരാതിക്കാരെ അറിയിക്കുകയും ചെയ്തു. ഇയാളുടെ കീശയിൽ സൂപ്പർമാർക്കറ്റിലെ മറ്റൊരു ജീവനക്കാരൻ നൌഫലിന്റെ ഐഡി കാർഡായിരുന്നു ഉണ്ടായിരുന്നത്. നൌഫൽ മരിച്ചുവെന്നാണ് പോലീസ് കരുതിയത്.

കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പാണ് റാഷിദിന് ഐഡി കാർഡ് ലഭിച്ചത്. അതുകൊണ്ട് റാഷിദിനെ കളിപ്പിക്കാൻ നൌഫലിന്റെ ഐഡി കാർഡ് സഹജീവനക്കാർ അദ്ദേഹത്തിന്റെ കീശയിൽ ഇടുകയായിരുന്നു. മരുഭൂമിയിൽ വെയിലേറ്റ് കിടന്നിരുന്ന മൃതദേഹം ചുളുങ്ങിപ്പോയ നിലയിലായിരുന്നു.

കാണാതായ ദിവസം പതിവുപോലെ ഒമ്പത് മണിക്ക് റാഷിദ് ജോലിക്ക് പോയിരുന്നു. പതിനൊന്നു മണിയോടെ പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. റാഷിദിന് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സഹോദരൻ ദാവൂദ് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: