കണ്ടങ്കാളിയിലെ നിര്‍ദ്ദിഷ്ട എണ്ണ സംഭരണശാല പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രക്ഷോഭത്തിലേക്ക്

പയ്യന്നൂര്‍: ‍ കണ്ടങ്കാളിയിലെ നിര്‍ദ്ദിഷ്ട എണ്ണ സംഭരണശാലയ്ക്കായി സ്ഥലമേറ്റെടുക്കാനുള്ള നീക്കം വീണ്ടും സജീവമായതോടെ പ്രത്യക്ഷ സമരത്തിനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്സ് രംഗത്ത്.പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയാണ് സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് വിഷയത്തില്‍ ജനപക്ഷത്ത് നിന്നുകൊണ്ട് പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.

പരിസ്ഥിതി ആഘാത പഠനത്തിനുശേഷം പ്രദേശവാസികളുടെ ആശങ്കകളകറ്റിക്കൊണ്ട് മാത്രമേ സ്ഥലമേറ്റെടുക്കലുമായി മുന്നോട്ടുപോകൂ എന്നാണ് നേരത്തെ നഗരസഭ വ്യക്തമാക്കിയിരുന്നത്.എന്നാല്‍ നഗരസഭയുടെ ഇപ്പോഴത്തെ സമീപനം ഇരട്ടത്താപ്പാണെന്ന് യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിക്കണമെന്നതാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ നിലപാടെന്ന് നേതാക്കള്‍ വ്യക്തമാക്കി.നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തെ ചര്‍ച്ചയ്ക്കെടുക്കാന്‍ തയ്യാറാകാത്തതിനെയും യൂത്ത് കോണ്‍ഗ്രസ്സ് ചോദ്യം ചെയ്തു.

ഒരു കോടി ലിറ്ററില്‍പ്പരം സംഭരണശേഷിയുള്ള കണ്ടങ്കാളിയിലെ നിര്‍ദ്ദിഷ്ട എണ്ണ സംഭരണശാല ജനവാസമേഖലയിലാണ് സ്ഥാപിക്കപ്പെടുന്നത്.ഇതുവഴി വന്‍ ദുരന്തമാണ് വരാനിരിക്കുന്നത്.പാരിസ്ഥിതിക അസന്തുലിതാവസ്ഥയും ഭവിഷത്തുകളും ചൂണ്ടിക്കാണിച്ചുകൊണ്ട് പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകര്‍‍ പ്രക്ഷോഭരംഗത്തുണ്ടെന്നിരിക്കെ ഏതാനും ചിലരുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയാണ്.ഒരു പ്രദേശത്തെയാകെ ബലികൊടുക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം.ഒരു ജനതയെയാകെ മുള്‍മുനയില്‍നിര്‍ത്തിക്കൊണ്ട് കൊട്ടിഘോഷിക്കപ്പെടുന്ന ഈ പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വമ്പിച്ച ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ്സ് രൂപം നല്‍കും. പ്രസ്താവനയില്‍ പറയുന്നു.സതീശന്‍ കാര്‍ത്തികപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ നേതാക്കളായ

പ്രഭാത് അന്നൂര്‍,പയ്യന്നൂര്‍ വിനീത് കുമാര്‍,കിരണ്‍ വണ്ണാടില്‍‍,പി.വി വൈശാഖ്,റോമി പി ദേവസ്യ,എ.ജി ഷെരീഫ്,കെ.പി ജ്യോതിഷ്,ലിതിന്‍ പാടിച്ചാല്‍,കെ.പി മഹിത,രജനി ആലപ്പടമ്പ് എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!
%d bloggers like this: