അതിജീവന സമരങ്ങളെ ഭരണകൂടം വികസനവിരുദ്ധതയാക്കി ചിത്രീകരിക്കുന്നു – പ്രദീപ് നെന്മാറ
സംസ്ഥാനത്തുടനീളം വികസന പദ്ധതികളുടെ ഇരകളുടെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്ന അതിജീവന സമരങ്ങളെ സംസ്ഥാന ഗവൺമെന്റും സി പി എം അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും വികസന വിരുദ്ധതയാക്കി ചിത്രീകരിക്കുകയാണെന്നു ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ പറഞ്ഞു. തുരുത്തിയിലും കോട്ടക്കുന്നിലും നടക്കുന്ന ദേശീയപാതാ കുടിയിറക്കു വിരുദ്ധ സമരപ്പന്തലുകൾ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സ്വാധീനങ്ങളുപയോഗിച്ചു പക്ഷപാതപരമായി ദേശീയപാതാ അലൈന്മെന്റുകളിൽ വ്യാപകമായ അശാസ്ത്രീയ വളവുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സമരം ചെയ്യുന്ന സാധാരണക്കാരുടെ ന്യായമായ പരാതികൾക്ക് ചെവി കൊടുക്കാതെ കമ്പനികൾക്കും ഇഷ്ടക്കാർക്കും വേണ്ടി സർക്കാർ ഒത്താശ ചെയ്ത് കൊടുക്കുകയാണ്. നീതിക്കും നിലനിൽപ്പിനും വേണ്ടിയുള്ള എല്ലാ സമരങ്ങളോടും ഫ്രറ്റേണിറ്റി ഐക്യദാർഢ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നസ്രീന ഇല്യാസ്, ഷംസീർ ഇബ്രാഹിം, ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ മാടായി, ജില്ലാ സെക്രട്ടറിയറ്റംഗം അൻസാർ ഉളിയിൽ തുടങ്ങിയവർ സംസാരിച്ചു.
കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal