രക്തദാനം വാക്സിനേഷന് മുമ്പ്; അല്ലെങ്കിൽ രണ്ടാം ഡോസ് എടുത്ത് 28 ദിവസത്തിന് ശേഷം


കൊവിഡ്‌ പിടിച്ചുകെട്ടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വാക്സിന്‍ വിതരണം ചെയ്യേണ്ടത് അനിവാര്യമാണ്. മേയ് ഒന്ന് മുതല്‍ 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ള മുഴുവന്‍ ആളുകള്‍ക്കും വളരെ വേഗം വാക്സിന്‍ നല്‍കി പ്രതിരോധ ശേഷി നല്‍കാനുള്ള ശ്രമങ്ങളാണ് ഊര്‍ജ്ജിതമായി നടക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് രോഗവ്യാപനം തടയാനും കൊവിഡ്‌ ബാധിച്ച് ആരോഗ്യനില സങ്കീര്‍ണമായി മരണ കാരണമാകുന്നത് തടയാനും വളരെയധികം ഫലപ്രദമാണ്.

എന്നാല്‍ ഇതിന് ആശങ്കാജനകമായൊരു മറു വശമുണ്ട്. ഈ പ്രായത്തിനിടയിലുള്ള ആളുകളാണ് ഓരോ ആസ്പത്രികളിലും അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗികള്‍ക്ക് ശസ്ത്രക്രിയയ്ക്കും മറ്റുമായി ആവശ്യമുള്ള രക്തം നല്‍കുന്നത്. ഇവര്‍ വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നീട് ഏറെ നാളത്തേയ്ക്ക് രക്തം ദാനം ചെയ്യാന്‍ കഴിയില്ല. ഒരു പക്ഷെ ഇത് രക്ത ബാങ്കുകളിൽ വലിയൊരു പ്രതിസന്ധിയിലേക്ക് ആയിരിക്കും ഇത് വഴിവെക്കുക. ഈ പ്രതിസന്ധി ഒഴിവാക്കാൻ വാക്സിൻ സ്വീകരിക്കും മുമ്പ് രക്തം ദാനം നടത്താം.

രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം 28 ദിവസം പൂര്‍ത്തിയായാല്‍ മാത്രമേ രക്തം ദാനം നല്‍കാന്‍ പാടുള്ളൂ എന്ന് നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗൺസിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞ ശേഷമാണ് ഒരാളുടെ ശരീരത്തില്‍ ആന്റിബോഡിയുടെ സംരക്ഷണം സാധാരണ നിലയിലാകുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കിയിരിയ്ക്കുന്നു.

പുതിയ തീരുമാനപ്രകാരം കൊവിഷീല്‍ഡ് രണ്ടാം ഡോസ് 45 – 56 ദിവസത്തിന് ഉള്ളിലും കൊവാക്സിന്‍ ആദ്യ ഡോസ് കഴിഞ്ഞ് 28 ദിവസത്തിനു ശേഷവുമാണ് എടുക്കേണ്ടത്. ഏത് വാക്സിന്‍ സ്വീകരിച്ചാലും രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 28 ദിവസം പൂര്‍ത്തിയാക്കിയാല്‍ രക്തദാനം നടത്താം.

വാക്സിന് മുന്‍പ് രക്തദാനം:

വാക്സിന്‍സ്വീകരിച്ചു കഴിഞ്ഞാല്‍ ഉടൻ രക്തദാനം നടത്താന്‍ കഴിയാത്തതിനാല്‍ ആദ്യ ഡോസ് സ്വീകരിയ്ക്കുന്നതിന് മുന്‍പ് തന്നെ ബ്ലഡ് ബാങ്കുകളിലെയ്ക്ക് രക്തം നല്‍കുകയാണ് ഏക വഴി. സംസ്ഥാനത്തെ മുഴുവന്‍ രക്ത ബാങ്കുകളിലും രക്തം ആവാശ്യത്തിലധികം സൂക്ഷിയ്ക്കുന്നത് അടിയന്തിര സാഹചര്യങ്ങളില്‍ ഏറെ ഗുണം ചെയ്യും.

ഇങ്ങനെ ചെയ്തില്ലെങ്കില്‍ അടുത്ത മൂന്ന് മാസത്തിനിടെ നിര്‍ണായക ശസ്ത്രക്രിയകള്‍ നടത്തേണ്ട ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ ഒരുപക്ഷെ അപകടത്തിലാകാന്‍ കാരണമാകും. നിലവില്‍ സംസ്ഥാനത്ത് സജീവമായ രക്ത ദാദാക്കളോട് രക്ത ദാനം നടത്തുന്നവരുടെ ഗ്രൂപ്പുകളില്‍ നിരന്തരമായി ഈ ആവശ്യം മുന്നോട്ട് വെയ്ക്കുന്നുണ്ട്. രക്തം ദാനം ചെയ്യുന്നവര്‍ വിലമതിയ്ക്കാനാവാത്ത സേവനമാണ് ചെയ്യുന്നത്. അതിന്‍റെ ഗുണം ലഭിയ്ക്കുന്നത് ഒരു വ്യക്തിയ്ക്കോ ഒരു കുടുംബത്തിനോ മാത്രമല്ല, മുഴുവന്‍ സമൂഹത്തിനു കൂടിയാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ രക്ത ദാദാക്കളുടെ ഇടപെടല്‍ നിര്‍ണായകവുമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: