കർണ്ണാടകയിലെ അടച്ചിടൽ – മലയാളികൾ കൂട്ടത്തോടെ കേരളത്തിലേക്ക്

 

ഇരിട്ടി: കർണ്ണാടകത്തിൽ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യയത്തിൽ സർക്കാർ 14 ദിവസത്തേക്ക് സംസ്ഥാനം അടച്ചിടുന്നതിന് സമാനമായ നിന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ മലയാളികൾ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തിത്തുടങ്ങി. കർണ്ണാടകത്തിലെ പ്രധാന പട്ടണങ്ങളായ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ താമസിച്ചുവരുന്നവർ കുടുംബസമേതമാണ് കേരളത്തിലേക്ക് എത്തുന്നത് . വീരാജ്പേട്ട മാക്കൂട്ടം -ചുരം പാത വഴി ആയിരത്തിലധികം പേരാണ് ചൊവ്വാഴ്ച്ച കൂട്ടുപുഴ അതിർത്തിയിൽ എത്തിയത്. കോവിഡ് ജാഗ്രതാ പോർട്ടിർ രജിസ്റ്റർ ചെയ്തു വരുന്നവരും അല്ലാത്തവരും ഈക്കൂട്ടത്തിലുണ്ട്. ഇത് അതിർത്തി ചെക്ക് പോസ്റ്റുകളിൽ വൻ തിരക്കിനിടയാക്കി.
പെരുമ്പാടി മാക്കൂട്ടം ചുരം പാതവഴി കേരളത്തിലേക്ക് അതിർത്തി കടന്ന് എത്തുന്ന യാത്രക്കാരുടെ എണ്ണം മൂന്ന് ഇരട്ടിയിലധികമായി വർധിച്ചതയാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസം വരെ ശരാശരി 250 തോളം പേരാണ് എത്തിക്കൊണ്ടിരുന്നത്. കർണ്ണാടക നിയന്ത്രണം കടുപ്പിച്ചതോടെ ബെംഗളുരു , മൈസൂരു, കുടക് ജില്ലകളിൽ നിന്നുള്ള വ്യാപാരികളും ഐ ടി മേഖലയിലുള്ളവരും വിദ്യാർത്ഥികളും തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവരും കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങാൻ തുടങ്ങി. കഴിഞ്ഞ രണ്ട് ദിവസമായി ആയിരത്തി അഞ്ചൂറിനും രണ്ടായിരത്തിനുമിടയിലാണ് യാത്രക്കാർ കൂട്ടുപുഴ വഴി എത്തുന്നത്. എന്നാൽ ഇത്രയും യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള അടിസ്ഥാന സൗകര്യമെന്നും കേരളത്തിന്റെ കിളിയന്തറ ചെക്ക് പോസ്റ്റിൽ ഇല്ല എന്നതും പ്രശ്നങ്ങൾക്കിടയാക്കുകയാണ് .
കിളിയന്തറയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും യാത്രക്കാർ കൂട്ടതോടെ എത്തുന്നതാണ് പ്രതിസന്ധിക്കിടയാക്കുന്നത് . മണിക്കൂറുകളോളമാണ് ഇവർക്ക് ഇവിടെ കാത്തിരിക്കേണ്ടി വരുന്നത് . യാത്രക്കാരിൽ അധികം പേരും ഇരുചക്ര വാഹനങ്ങളിൽ എത്തുന്നവരാണ് . കർണ്ണാടകത്തിൽ നിന്നും കേരളത്തലേക്ക് പ്രവേശിക്കുന്നതിന് കാര്യമായ വിലക്ക് ഇല്ലെങ്കിലും കേരളത്തിൽ നിന്നും കർണ്ണാടകത്തിലേക്ക് പ്രവേശിക്കണമെങ്കിൽ ആർ ടി പി സി ആർ ടെസ്റ്റ് നടത്തി കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട് . ഈ നിബന്ധനമൂലം ടാക്‌സികൾ കിട്ടാൻ ബുദ്ധിമൂട്ടായതും ബസുകൾ ഓട്ടം നിർത്തിയതും കാരണം ഇരുചക്ര വാഹനങ്ങൾ വാടകയ്ക്ക് എടുത്തും മറ്റുമാണ് ഇവരിൽ പലരും എത്തുന്നത്.
നേരത്തെ കൂട്ടപുഴ പാലത്തിന് സമീപം പോലീസ് എയിഡ് പോസ്റ്റ് സ്ഥാപിച്ചിരുന്നെങ്കിലും ഇക്കുറി കിളിയന്തറയിൽതന്നെയാണ് പോലീസ് പരിശോധനയ്ക്കും സൗകര്യം ഒരുക്കിയിരിക്കുന്നത്. അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തുന്ന മുഴുവൻ വാഹനങ്ങളും പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത് . കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാണെങ്കിൽ റവന്യു വകുപ്പിന്റെ പരിശോധനാ കേന്ദ്രത്തിൽ അറിയിച്ച ശേഷം ആവശ്യമെങ്കിൽ ആരോഗ്യ വകുപ്പ് ഒരുക്കിയ കോവിഡ് പരിശോധന കേന്ദ്രത്തിൽ നിന്നും ആർ ടി പി സി ആർ ടെസ്റ്റ് നടത്തും.
ഇങ്ങിനെ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് എത്തിയവരുടെ വിവരങ്ങൾ റവന്യു വകുപ്പ് അതാത് പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും പോലീസിനും കൈമാറും. ഇവർ കോറൻറെയ്‌നിൽ ഇരിക്കുന്നുണ്ടെന്ന് ആരോഗ്യ പ്രവർത്തകരും പോലീസും ഉറപ്പാക്കും. 24 മണിക്കൂറും പരിശോധനയും രജിസ്‌ട്രേഷനും ഉണ്ടാകും. മൂന്ന് ഷിഫ്റ്റ് ആയിട്ടാണ് റവന്യു, പോലീസ്, ആരോഗ്യ പ്രവർത്തകരെ ചെക്ക് പോസ്റ്റിൽ നിയമിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിമുതലാണ് കർണ്ണാടകത്തിൽ കർഫ്യൂവിന് സമാനമായ നിയന്ത്രണങ്ങളും അടച്ചിടലും ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ ഈ സമയത്തിനുമുന്പ് കേരളത്തിലേക്ക് എത്തുന്നവരുടെ തിരക്ക് ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: