കണ്ണൂരിൽ ചീട്ടുമായി കുട്ടിയുടെ മരുന്ന് വാങ്ങാൻ പോയ സന്നദ്ധ പ്രവർത്തകനിൽ നിന്ന് ഡോക്ടർ ഫീസ് വാങ്ങിയതായി പരാതി; 470 രൂപയുടെ മരുന്നിന് വാങ്ങിയത് 270 രൂപ ഫീസ്!

പാനൂർ: മരുന്ന് ചീട്ടുമായി ഡോകടറെ സമീപിച്ചപ്പോൾ മരുന്ന് കൊടുക്കാതെ സന്നദ്ധ പ്രവർത്തകരിൽ നിന്ന് ഫീസ് വാങ്ങി മരുന്ന് കൊടുത്തതായി പരാതി. മരുന്ന് തീർന്ന് പോയ കടവത്തൂരിലെ ഒൻപത് വയസുള്ള വിദ്യാർഥിക്ക് വേണ്ടിയാണ് സന്നദ്ധ പ്രവർത്തകർ ചീട്ടുമായി ഡോകടറെ സമീപിച്ചത്. തലശ്ശേരിയിലെ ചർമ്മ രോഗവിദഗ്ദൻ ഡോ. താജുദ്ധീനെതിരെയാണ് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ബാബു ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് തൃപ്രങ്ങോട്ടൂർ
പഞ്ചായത്ത് കോൾ സെന്ററിലേക്ക് മരുന്നിന് വേണ്ടിവിളി വന്നത്. ഉടനെ സന്നദ്ധ സേവകർ ചീട്ടുമായി തലശ്ശേരിയിലെ ഡോക്ടറുടെ ക്ലിനിക്കിൽ പോയങ്കിലും സമയം കഴിഞ്ഞതിനാൽ മരുന്ന് ലഭിച്ചില്ല. തുടർന്ന് പിറ്റേന്ന് വീണ്ടും മരുന്നിന് ചീട്ടുമായി സമീപിച്ചപ്പോൾ രോഗിയെ കാണാതെ മരുന്ന് തരാൻ കഴിയില്ലന്ന് ഡോക്ടർ പറഞ്ഞു. ലോക്ക് ഡൗൺ കാരണം രോഗിയായ ചെറിയ കുട്ടിയെ എത്തിക്കാൻ കഴിയില്ലെന്ന് അറിയിച്ച സന്നദ്ധ പ്രവർത്തകരോട് പരിശോധന ഫീസ് തരണമെന്ന് ഡോക്ടർ പറഞ്ഞുവെന്നാണ് പരാതി. തുടർന്ന് 270 രൂപ രെജിസ്ട്രേഷൻ ഫീസ് വാങ്ങിയ ശേഷമാണത്രെ 470 രൂപയുടെ മരുന്ന് ലഭിച്ചത്. സ്ഥിരമായി കഴിക്കുന്ന മരുന്നാണെന്നും ഈ ക്ലിനിക്കിൽ മാത്രമേ ആ മരുന്ന് ലഭിക്കുകയും ചെയ്യുകയുള്ളൂ എന്നും രോഗിയുടെ ബന്ധുക്കൾ പറഞ്ഞു. ലോക് ഡൗൺ സമയത്ത് രോഗിയെ കൊണ്ട് വരണമെന്നാവശ്യപ്പെടുകയും പരിശോധന ഫീസും വാങ്ങിയ സംഭവം പ്രതിഷേധാർഹമാണെന്ന് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ് ബാബു ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ന്യൂസിനോട് പറഞ്ഞു.